ഒമ്പതിന് അങ്കം; സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് മുതൽ
ആലപ്പുഴ; തിരഞ്ഞെടുപ്പ് വിജ്ഞാപനമെത്തിയതോടെ സ്ഥാനാർത്ഥികൾ ആരെല്ലാമെന്നറിയാനുള്ള ആകാംക്ഷയിലാണ് വോട്ടർമാർ. ജില്ലയിൽ ബി.ജെ.പിയാണ് ആദ്യ പട്ടിക പുറത്തിറക്കാൻ തയ്യാറായിരിക്കുന്നത് . സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയ ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റി ഇന്ന് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. മറ്റ് സീറ്റുകളിലെ പേരുകൾ മണ്ഡലാടിസ്ഥാനത്തിൽ തൊട്ടുപിന്നാലെ പുറത്തുവിടും.
ബി.ജെ.പി സൗത്ത് ജില്ലാ കമ്മിറ്റി സ്ഥാനാർത്ഥികളെ 12ന് പ്രഖ്യാപിക്കും. ഇടതുമുന്നണിയിൽ താഴെത്തട്ടിലെ ചർച്ചകൾ ഇന്നലെ പൂർത്തീകരിക്കണമെന്നായിരുന്നു മേൽഘടകത്തിന്റെ നിർദ്ദേശം. എന്നാൽ ചില പഞ്ചായത്ത് സീറ്റുകളിലടക്കം ഇനിയും ധാരണയായിട്ടില്ല. തർക്കങ്ങൾ നിലനിൽക്കുന്ന സീറ്റുകളിൽ ചർച്ച രമ്യതയിലെത്തിക്കേണ്ടതുണ്ട്. അതിന് ശേഷം പഞ്ചായത്ത് കൺവൻഷനുകളടക്കം വിളിച്ചുചേർത്താവും രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക. 12ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണയ്ക്ക് ശേഷമേ യു.ഡി.എഫ് ജില്ലയിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കു. പല സീറ്റുകളിലും നിരവധിപ്പേരുടെ പേരുകൾ ഉയർന്നതോടെ അന്തിമതീരുമാനത്തിലെത്താൻ സമയമെടുക്കും. വാർഡുകളിൽ നിന്ന് ഉയർന്ന പേരുകൾ മണ്ഡലം തലത്തിലെത്തിയിട്ടുണ്ട്. തർക്കം നിലനിൽക്കുന്ന സീറ്റുകളിൽ കോർ കമ്മിറ്റി ഇടപെട്ട് വിജയ സാദധ്യതയുള്ള ആളെ തിരഞ്ഞെടുത്ത് മത്സരരംഗത്തിറക്കും. ഒറ്റ സ്ഥാനാർത്ഥിയുടെ മാത്രം പേര് ഉയർന്ന സീറ്റുകളിൽ നിയുക്ത സ്ഥാനാർത്ഥികൾ വീടുകയറിയുള്ള പ്രചരണം ആരംഭിച്ചിട്ടുണ്ട്.
#ബി.ജെ.പി നോർത്ത് ജില്ലാ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
#ബി.ജെ.പി സൗത്ത് ജില്ലാ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം 12ന്
പ്രഖ്യാപനം നടത്തുന്നവർ
മാവേലിക്കരയിൽ അഡ്വ.എസ്.സുരേഷ്
കായംകുളത്ത് അനൂപ് ആന്റണി
ചെങ്ങന്നൂരിൽ പി.സി.ജോർജ്ജ്
ഹരിപ്പാട് അഡ്വ.ബി.ഗോപാലകൃഷ്ണൻ
സ്ഥാനാർത്ഥി പട്ടിക രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. പതിവ് പോലെ യുവാക്കളടക്കമുള്ളവർ മത്സര രംഗത്തുണ്ടാവും
- ആർ.നാസർ
സി.പി.എം ജില്ലാ സെക്രട്ടറി
സീറ്റ് ചർച്ച പൂർത്തിയായിട്ടില്ല. ചെറിയ തർക്കങ്ങൾ നിലനിൽക്കുന്ന സീറ്റുകളിൽ ചർച്ച തുടരുകയാണ്. വൈകാതെ പ്രഖ്യാപനം വരും
-എസ്.സോളമൻ, സി.പി.ഐ ജില്ലാ സെക്രട്ടറി
ചർച്ചകൾ അന്തിമഘട്ടത്തിലാണ്. നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് ധർണ കഴിഞ്ഞ് നേതാക്കളടക്കം ജില്ലയിൽ തിരികെ എത്തിയ ശേഷമാകും പ്രഖ്യാപനം
-എ.എ.ഷുക്കൂർ, കെ.പി.സി.സി വൈസ് പ്രസിഡന്റ്
വടക്കൻ മേഖലയിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും
-അഡ്വ.പി.കെ.ബിനോയ്, ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ്
തെക്കൻ മേഖലയിലെ സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും
-സന്ദീപ് വാചസ്പതി, ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ്
ബി.ഡി.ജെ.എസിന് അർഹമായ പ്രാതിനിധ്യം സീറ്റ് വിഭജനത്തിൽ ലഭിച്ചിട്ടുണ്ട്. കൂടുതൽ സീറ്റുകളിൽ വിജയിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്
- ടി.അനിയപ്പൻ, സന്തോഷ് ശാന്തി,ബി.ഡി.ജെ.എസ് വടക്കൻ മേഖലാ - തെക്കൻ മേഖലാ പ്രസിഡന്റുമാർ