ഇപ്പോഴില്ല,​ തിരഞ്ഞെടുപ്പിൽ ഒറ്റയാനായി മട്ടന്നൂർ

Monday 10 November 2025 10:54 PM IST

കണ്ണൂർ: സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ അതിനൊപ്പമില്ല. അവിടെ തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് ശേഷമാണ് ഇലക്ഷൻ നടക്കാറുള്ളത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ 2020ൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ മട്ടന്നൂരിൽ നടന്നത് 2022ൽ. 2027 സെപ്തംബർ വരെ കാലാവധിയുണ്ട്. അതു കഴിഞ്ഞശേഷമാകും ഇവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.

1990 മുതൽ വർഷങ്ങളോളം നീണ്ടുനിന്ന നിയമപ്രശ്നമാണ് മട്ടന്നൂരിനെ ഇത്തരത്തിൽ വേറിട്ടു നിറുത്തുന്നത്. 1962ൽ പഴശ്ശി, പൊറോറ, കോളാരി പഞ്ചായത്തുകളെ സംയോജിപ്പിച്ചാണ് മട്ടന്നൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. 1990ൽ ഇ.കെ.നായനാർ സർക്കാർ മട്ടന്നൂരിനെ നഗരസഭയാക്കി. തുടർന്നു വന്ന കെ.കരുണാകരൻ സർക്കാർ അത് റദ്ദാക്കി വീണ്ടും ഗ്രാമപഞ്ചായത്താക്കി.

തുടർന്നുള്ള നിയമപോരാട്ടത്തിൽ 1996വരെ പഞ്ചായത്തും നഗരസഭയും അല്ലാത്ത വിധം അനിശ്ചിതത്വത്തിൽ തുടർന്നു. 1996ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ വീണ്ടും നഗരസഭയാക്കി. തുടർന്ന് 1997ൽ മട്ടന്നൂർ നഗരസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. അതിന് അനുസൃതമായി കാലാവധി പൂർത്തിയാകുന്ന മുറയ്ക്കാണ് തുടർന്നുള്ള തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നത്. 2022ലെ തിരഞ്ഞെടുപ്പിൽ 35 വാർഡുകളിൽ എൽ.ഡി.എഫ് 21 സീറ്റും യു.ഡി.എഫ് 14 സീറ്റും നേടി.