'തലസ്ഥാനം' പ്രസ്റ്റീജ് പോരാട്ടം, തീപാറും
തിരുവനന്തപുരം: തുടർഭരണം ലക്ഷ്യമിട്ട് എൽ.ഡി.എഫ്. ഭരണം പിടിക്കുമെന്ന വാശിയിൽ ബി.ജെ.പി. കഴിഞ്ഞ തവണത്തെ പത്ത് സീറ്റ് 50ലെത്തിക്കാൻ യു.ഡി.എഫ്. സംസ്ഥാനത്ത് പ്രസ്റ്റീജ് പോരാട്ടം തിരുവനന്തപുരം കോർപ്പറേഷനിൽ. തലസ്ഥാനം പിടിച്ചാൽ നിയമസഭ പിടിക്കാമെന്ന പ്രതീക്ഷയിൽ കച്ചമുറുക്കി മുന്നണികൾ. മുൻനിര നേതാക്കളെ രംഗത്തിറക്കിയും മുതിർന്ന നേതാക്കൾക്ക് ചുമതല നൽകിയും ജീവന്മരണ പോരാട്ടം. 101 വാർഡുകളിൽ ഭൂരിപക്ഷത്തിലും ശക്തമായ ത്രികോണ മത്സരം.
യുവത്വത്തിനും പരിചയ സമ്പന്നതയ്ക്കും പ്രാധാന്യം നൽകിയാണ് മുന്നണികളുടെ സ്ഥാനാർത്ഥി പട്ടിക. കഴിഞ്ഞ തവണ 53 വാർഡുകളിൽ വിജയിച്ച എൽ.ഡി.എഫ് ഇക്കുറി അതിൽ കൂടുതൽ അംഗങ്ങളെ വിജയിപ്പിക്കാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. ഇന്നലെ 93 പേരുടെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. നിലവിലെ മേയർ ആര്യാ രാജേന്ദ്രൻ പട്ടികയിലില്ല. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എസ്.പി. ദീപക്കാണ് മേയർ സ്ഥാനാർത്ഥി. സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാറിന്റെയും ജില്ലാ സെക്രട്ടറി വി. ജോയിയുടെയും നേതൃത്വത്തിലാണ് പ്രചാരണ പ്രവർത്തനങ്ങൾ.
ഭരണം പിടിക്കാൻ ബി.ജെ.പി
ഭരണം പിടിക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിനു സമാനമായ ഒരുക്കങ്ങളും തന്ത്രങ്ങളുമാണ് എൻ.ഡി.എ നടത്തുന്നത്. 67 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തനം. ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷാണ് മേയർ സ്ഥാനാർത്ഥി. മുൻ ഡി.ജി.പി ആർ.ശ്രീലേഖ, മുൻ കായികതാരം പത്മിനി തോമസ് എന്നിവരും മത്സര രംഗത്തുണ്ട്.
ഞെട്ടിക്കാൻ യു.ഡി.എഫ്
വളരെ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച യു.ഡി.എഫ് കഴിഞ്ഞ രണ്ടു തദ്ദേശ തിരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയം മറികടക്കാനാണ് ശ്രമിക്കുന്നത്. കെ. മുരളീധരനാണ് ചുമതല. മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനാണ് മേയർ സ്ഥാനാർത്ഥി. 2010ൽ യു.ഡി.എഫ് 40 സീറ്റ് നേടിയിരുന്നു. കഴിഞ്ഞ തവണ അത് പത്തായി ചുരുങ്ങി. ഇതിൽ നിന്ന് സീറ്റുകൾ 50ലെത്തിച്ച് ഭരണം പിടിക്കാനാണ് ശ്രമം.
നിലവിലെ കക്ഷിനില
(100 വാർഡുകൾ) എൽ.ഡി.എഫ്....... 53 ബി.ജെ.പി.............. 34 യു.ഡി.എഫ്.......... 10 സ്വതന്ത്രർ.............. 3