തിരഞ്ഞെടുപ്പ് ഹരിതം, സുന്ദരം

Tuesday 11 November 2025 1:11 AM IST

തിരുവനന്തപുരം: പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി ഹരിത ചട്ടം പാലിച്ചായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് . പ്രചാരണത്തിനും തിരഞ്ഞെടുപ്പ് നടത്തിപ്പിനുമായി പരിസ്ഥിതി സൗഹൃദ വസ്തുക്കളും പുനഃചംക്രമണം ചെയ്യാവുന്ന വസ്തുക്കളും മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണം മുതൽ ശുചീകരണം വരെ ഹരിത ചട്ടം പാലിക്കണം. പൊതുസ്ഥലങ്ങളിൽ അനധികൃതമായി ബോർഡുകൾ, ബാനറുകൾ, പതാകകൾ, തോരണങ്ങൾ, ഹോർഡിംഗുകൾ എന്നിവ സ്ഥാപിക്കരുത്.

നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നവർക്കും, ഹരിതചട്ട നിബന്ധനകൾ പാലിക്കാത്തവർക്കുമെതിരെ കർശന നിയമ നടപടിയെടുക്കും. തദ്ദേശ സ്ഥാപന തലത്തിൽ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് സെക്രട്ടറി രൂപം നൽകും. നിരോധിത വസ്തുക്കൾ ഉപയോഗിച്ച് പോസ്റ്റർ, ബാനർ, ബോർഡുകൾ മറ്റു പ്രചാരണ ഉപാധികൾ എന്നിവ തയ്യാറാക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കും. പ്രചാരണ സാമഗ്രികൾ, പാഴ് വസ്തുക്കൾ എന്നിവ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും ഹരിത കർമ്മസേനയ്ക്ക് യൂസർഫീ സഹിതം കൈമാറണം. നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ തദ്ദേശ സ്ഥാപന സെക്രട്ടറി ഇവ നീക്കം ചെയ്യുകയും, ഇതിന്റെ ചെലവ് സ്ഥാനാർത്ഥിയിൽ നിന്ന് ഈടാക്കുകയും ചെയ്യും. മാലിന്യ പരിപാലനത്തിലെ വീഴ്ച സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കി നടപടിയെടുക്കും.

പോളിംഗ് ബൂത്ത്, വിതരണ കേന്ദ്രം, കൗണ്ടിംഗ് സ്റ്റേഷൻ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഹരിതചട്ടം കർശനമായി പാലിക്കണം. ഇവിടങ്ങളിൽ പാഴ് വസ്തുക്കൾ തരം തിരിച്ച് സംഭരിക്കുന്നതിന് ബിന്നുകളും, പാഴ് വസ്തുക്കൾ നീക്കം ചെയ്യുന്നതിന് ഹരിത കർമ്മസേനയുടെ സേവനവും ഉറപ്പാക്കണം. പോളിംഗ് ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കുമുള്ള ഭക്ഷണത്തിനായി പ്ലാസ്റ്റിക് പാഴ്‌സലുകൾ പൂർണ്ണമായും ഒഴിവാക്കി പകരം വാഴയിലയിലോ പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലോ മാത്രം ഭക്ഷണം ലഭ്യമാക്കണം. ഇതിനുള്ള ക്രമീകരണം കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾ മുഖേന കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒരുക്കണം

.

പ്ലാസ്റ്റിക്,

പി.വി.സി വേണ്ട

തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമായിരിക്കണം.

നൂറ് ശതമാനം കോട്ടൺ, പേപ്പർ, പോളി എത്തിലിൻ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കളുപയോഗിക്കാം.

 ബൂത്തുകളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ വേണ്ട. ഭക്ഷണ പദാർത്ഥങ്ങൾ, കുടിവെള്ളം എന്നിവയ്ക്ക് പ്ലാസ്റ്റിക് ബോട്ടിലുകളൊഴിവാക്കണം.