തീയതി കുറിച്ചു,​ തീപാറും

Tuesday 11 November 2025 1:17 AM IST

തിരുവനന്തപുരം: കഷ്ടിച്ച് അഞ്ചുമാസം മാത്രം ദൂരമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ബലാബലത്തിന്റെ ലിറ്റ്മസ് ടെസ്റ്റാണ് മൂന്നു മുന്നണികൾക്കും തദ്ദേശ തിരഞ്ഞെടുപ്പ്. അത് മുന്നിൽ കണ്ടാണ് സീറ്റുവിഭജനവും സ്ഥാനാർത്ഥി നിർണയവുമടക്കം പരമാവധി കുറ്റമറ്റതാക്കാൻ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇനി തീപാറും പോരാട്ടം.

വീണ്ടുമൊരു ഭരണത്തുടർച്ചയെന്ന അത്യപൂർവ നേട്ടമാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽകൂടി അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നാൽ രാഷ്ട്രീയ പുസ്തകത്തിലെ അപ്രസക്ത അദ്ധ്യായമായി മാറുമെന്നതാണ് യു.ഡി.എഫിന്റെ ആശങ്ക. പരമാവധി തദ്ദേശ സ്ഥാപനങ്ങൾ പിടിക്കുക എന്നതാണ് എൻ.ഡി.എ ലക്ഷ്യം.

തദ്ദേശ തിരഞ്ഞെടുപ്പിൽ മികവാർന്ന നേട്ടമുണ്ടാക്കാനായാൽ സംസ്ഥാന ഭരണത്തിന് ജനങ്ങൾ നൽകുന്ന ഗുഡ്സർട്ടിഫിക്കറ്റായി ചൂണ്ടിക്കാട്ടി എൽ.ഡി.എഫിന് സധൈര്യം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാം. കാലിടറിയാൽ സർക്കാർ പ്രവർത്തനത്തിലുള്ള ജനങ്ങളുടെ അവമതിപ്പായി വിലയിരുത്തപ്പെടും.

തദ്ദേശത്തിൽ നേട്ടം തങ്ങൾക്കാണെങ്കിൽ ഒരു തിരിച്ചുവരവിന് വഴിതെളിയുന്നതായി യു.ഡി.എഫിന് കരുതാം. അതിന്റെ ചുവടുപിടിച്ച് പ്രചാരണം ശക്തമാക്കാം. അസാധാരണമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കിൽ നിയമസഭയിൽ തങ്ങളുടെ തലയെണ്ണം കൂട്ടാൻ എൻ.ഡി.എയ്ക്ക് തന്ത്രങ്ങൾ മെനയാം.

കൊണ്ടും കൊടുത്തും..

1.വികസന പ്രവർത്തനങ്ങളും ക്ഷേമ ആനുകൂല്യങ്ങളുമാണ് ഇടതുപക്ഷം പ്രധാന പ്രചാരണ ആയുധമാക്കുന്നത്. വ്യാവസായിക രംഗത്തെ മുന്നേറ്റവും അക്കമിട്ടു നിരത്തുന്നു

2.സർക്കാരിന്റെ ധൂർത്തും സാമ്പത്തിക പ്രതിസന്ധിയും യു.ഡി.എഫ് പ്രധാന പ്രചാരണ വിഷയമാക്കും. ശബരിമല സ്വർണത്തട്ടിപ്പും ഉന്നയിക്കും

3.കേന്ദ്ര പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശുഷ്കാന്തി കാട്ടുന്നില്ലെന്ന ആരോപണം ബി.ജെ.പി ഉന്നയിക്കും. പി.എം ശ്രീ വിവാദവും ഉയർത്തിക്കാട്ടും

കണക്കുകളിൽ തെളിയുന്നത്

നിലവിൽ 17 ഗ്രാമപഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമാണ് എൻ.ഡി.എയ്ക്ക് ഭരണമുള്ളത്. ഇതിൽനിന്ന് കോർപ്പറേഷനുകളിലടക്കം കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുകയാണ് എൻ.ഡി.എ ലക്ഷ്യം. മുനിസിപ്പാലിറ്റികളിൽ മാത്രമാണ് എൽ.ഡി.എഫും യു.ഡി.എഫും 43-41 ക്രമത്തിൽ ഏതാണ്ട് ഒപ്പത്തിനൊപ്പമുള്ളത്. ബ്ളോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫിന്റെ പകുതിയിൽ താഴെ എണ്ണത്തിലേ യു.ഡി.എഫിന് അധികാരമുള്ളു. ജില്ലാ പഞ്ചായത്തിൽ 11 ഇടത്ത് എൽ.ഡി.എഫ് ഭരിക്കുമ്പോൾ, യു.ഡി.എഫിന് മൂന്നെണ്ണം മാത്രം. ആറ് കോർപ്പറേഷനുകളിൽ യു.ഡി.എഫിന് ഒന്നുമാത്രം. ഗ്രാമപഞ്ചായത്തുകളിലും ഇടതിനാണ് വ്യക്തമായ മേധാവിത്വം.

മുൻനിരക്കാരെ

ഇറക്കി തന്ത്രം

മുൻനിര നേതാക്കളെ മുന്നണികൾ ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലക്കാരാക്കി

മുൻനിര നേതാക്കളടക്കം സ്ഥാനാർത്ഥി പട്ടികയിൽ ഇടംകണ്ടു. യുവജനങ്ങൾക്ക് കൂടുതൽ അവസരം

വലിയ പൊട്ടിത്തെറികളില്ലാതെ സീറ്റു പങ്കുവയ്ക്കലും സ്ഥാനാർത്ഥി നിർണയവും പുരോഗമിക്കുന്നു