കളം നിറഞ്ഞ് നേതാക്കൾ

Tuesday 11 November 2025 1:20 AM IST

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള കേളികൊട്ടുയർന്നുകഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലാണ് നടക്കാൻ പോകുന്നതെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോൾ,​ സർക്കാരിന്റെ ജനകീയതയ്ക്കുള്ള അംഗീകാരമാവുമെന്ന് ഇടതുപക്ഷം ഉറപ്പിക്കുന്നു. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മാറാത്തതെല്ലാം മാറുമെന്ന് പ്രഖ്യാപിക്കുന്നു. ഇടത് വലത് മുന്നണി കൺവീനർമാരും ബി.ജെ.പി സംസ്ഥാന പ്രസിഡന്റും കേരള കൗമുദിയോട്:

@ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള

അംഗീകാരമാവും ടി.പി.രാമകൃഷ്ണൻ (എൽ.ഡി.എഫ് കൺവീനർ)

സെമിഫൈനലോ, ഫൈനലോ എന്നതല്ല, കേരളത്തിലെ ഇടത് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാവും ഇത്തവണത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്. താഴേക്കിടയിലുള്ളവരുടെ ജീവിത നിലവാരം ഉയർത്തുന്ന പദ്ധതികൾക്കൊപ്പം റോഡും പാലങ്ങളും വൻവ്യവസായങ്ങളും ഐ.ടി-തുറമുഖ വികസനവുമായി മുന്നോട്ടുപോയ സർക്കാരാണ് കഴിഞ്ഞ 10വർഷമായി കേരളം ഭരിക്കുന്നത്. പെൻഷൻ ആനുകൂല്യങ്ങളും ആശാവർക്കർമാരുടെ ശമ്പളവുമടക്കം പരിഷ്‌കരിക്കുമ്പോൾ ഈ സർക്കാർ ആർക്കൊപ്പമാണെന്ന് ജനത്തിനറിയാം. വർഗീയ ശക്തികളുമായി സന്ധിചെയ്യാതെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമ്പോൾ രാഷ്ട്രീയ വിമർശനങ്ങളൊന്നും ഇടതുപക്ഷത്തെ വേട്ടയാടുന്നില്ല.

@ സെമിഫൈനൽ തന്നെ

അടൂർ പ്രകാശ്

(യു.ഡി.എഫ് കൺവീനർ)

വരാൻപോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനലാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പെന്ന കാര്യത്തിൽ സംശയമില്ല. വാദങ്ങളും അവകാശ വാദങ്ങളുമെല്ലാം റിസൽട്ട് വരുന്നതോടെ പൊളിയും. കോർപ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമെല്ലാം യു.ഡി.എഫ് തൂത്തുവാരും. സ്ഥാനാർത്ഥി നിർണയം അവസാന ഘട്ടത്തിലാണ്. പരാതികൾക്കൊന്നും ഇടം നൽകാതെ എല്ലാം പൂർത്തീകരിക്കും. കേരളത്തിലെ ഇടത് സർക്കാരിന്റെ കൊള്ളരുതായ്മയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരായുള്ള വിധിയെഴുത്താവും ഇത്തവണ.

@ മാറാത്തതെല്ലാം മാറും

രാജീവ് ചന്ദ്രശേഖർ (ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ)

മാറാത്തതെല്ലാം മാറും എന്നതാണ് ഇത്തവണ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നോട്ടുവയ്ക്കുന്നത്. 365 ദിവസവും 24മണിക്കൂറും ജനങ്ങൾക്കൊപ്പം നിൽക്കാം. അതിനായി, കേരളത്തിന്റെ വികസനത്തിനായി ഒരവസരം തരൂ എന്ന് ജനങ്ങളോട് ആവശ്യപ്പെടുകയാണ്. ഇടത് വലതുമുന്നണികൾ ഭരിച്ച് മുടിച്ച അനുഭവമാണ് കേരളത്തിന്റേത്. അതിൽ നിന്നും ഒരു മാറ്റം ജനം ആഗ്രഹിക്കുന്നുണ്ട്. ദുർഭരണം, അഴിമതി, അനാസ്ഥ, പീഡനങ്ങൾ ഇതാണ് കേരളത്തിലെ ഇരുമുന്നണികളുടെയും നേട്ടങ്ങൾ. അവിടെയാണ് ബി.ജെ.പി എന്ന ബദലിനെ മുന്നോട്ടുവയ്ക്കുന്നത്.