ഫരീദാബാദിൽ വൻസ്‌ഫോടക ശേഖരം, വനിതാ ഡോക്ടറടക്കം മൂന്ന് പേർ അറസ്റ്റിൽ

Tuesday 11 November 2025 12:44 AM IST

വിവിധ നഗരങ്ങളിൽ സ്‌ഫോടനത്തിന് പദ്ധതി

ന്യൂഡൽഹി: ഹരിയാനയിൽ ഡൽഹി അതിർത്തിയോട് ചേർന്നുള്ള ഫരീദാബാദിൽ കണ്ടെത്തിയ

വൻ സ്‌ഫോടകവസ്‌തു ശേഖരവും അത്യാധുനിക തോക്കുകൾ അടക്കമുള്ള ആയുധങ്ങളും രാജ്യത്ത് വൻ സ്ഫോടന പരമ്പര നടത്താനുള്ള പദ്ധതിയുടെ ഭാഗം. ജമ്മു കാശ്‌മീർ സ്വദേശിയും ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ ‌ഡോക്‌ടറുമായ മുസമ്മിൽ അഹമ്മദ് ഗനായ്, കാശ്മീർ അനന്തനാഗ് സർക്കാർ മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്‌ടറായിരുന്ന

പുൽവാമ സ്വദേശി ഡോ. ആദിൽ അഹമ്മദ് റാത്തർ, ഇതേ ആശുപത്രിയിലെ വനിതാ ഡോക്ടറും

ലക്‌നൗ സ്വദേശിയുമായ ഷഹീൻ എന്നിവർ അറസ്റ്റിലായി.

ഇതു പിടിച്ചെടുക്കാൻ കഴിഞ്ഞതിലൂടെ നിരവധി പേരുടെ ജീവനാണ് രക്ഷപ്പെട്ടത്. 360 കിലോ അമോണിയം നൈട്രേറ്റ്,​ ബോംബ് നിർമ്മാണ സാമഗ്രികൾ, ഡിറ്റണേറ്ററുകൾ, റൈഫിളുകൾ,വെടിയുണ്ടകൾ എന്നിവയ്ക്ക് പുറമേ, 20 ടൈമറുകളും 24 റിമോട്ട് കൺട്രോളുകളും കണ്ടെടുത്തതോടെയാണ് വിപുലമായ ആക്രമണ പദ്ധതിയാണെന്ന് ബോധ്യമായത്.

ഇവർക്ക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്നു.

ഫരീദാബാദിലെ അപ്പാർട്ടുമെന്റിൽ ജമ്മു കാശ്‌മീർ പൊലീസും ഹരിയാന പൊലീസും സംയുക്തമായി റെയിഡ് നടത്തി സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. ശ്രീനഗറിൽ ജെയ്ഷെ മുഹമ്മദിന്റെ പോസ്റ്ററുകൾ ചുവരുകളിൽ പതിപ്പിച്ചതിന് ഡോ. ആദിൽ അഹമ്മദ് റാത്തറിനെ നവംബർ 6ന് ഉത്ത‌പ്രദശിലെ സഹാറൻപൂരിൽ നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് പദ്ധതിയുടെ ചുരുളഴിഞ്ഞത് മെഡിക്കൽ കോളേജിലെ റാത്തറിന്റെ ലോക്കറിൽ നിന്ന് എ.കെ. 47 തോക്ക് കണ്ടെത്തി. ചോദ്യംചെയ്‌തപ്പോഴാണ് കൂട്ടാളിയായ ഡോ. മുസമ്മിനെ കുറിച്ചും ഫരീദാബാദിലെ സ്‌ഫോടകവസ്‌തു ശേഖരത്തെ കുറിച്ചും വെളിപ്പെടുത്തിയത്. വനിതാ ഡോക്ടറുടെ കാറിൽ നിന്ന് എ.കെ. 47 തോക്കും പിടികൂടി.

കഴിഞ്ഞ ദിവസം ഭീകരവാദ സംഘടനയായ ഐ.എസുമായി ചേർന്ന് ഇന്ത്യയിലാകെ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട മൂന്നു പേരെ ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് പിടികൂടിയിരുന്നു. ഡോ. അഹമ്മദ് മുഹിയുദ്ദീൻ സെയ്ദ്, മുഹമ്മദ് സുഹെൽ, ആസാദ് എന്നിവരാണ് പിടിയിലായത്.

ഞെട്ടലിൽ ഏജൻസികൾ

ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഭീകരപ്രവർത്തകർ തമ്പടിച്ചതും വൻതോതിൽ സ്ഫോടക വസ്തുക്കൾ ശേഖരിച്ചതും സുരക്ഷാ ഏജൻസികളെ ഞെട്ടിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനങ്ങൾ ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭീകര ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രൊഫഷണലുകളും വിദ്യാ‌ർത്ഥികളും നിരീക്ഷണത്തിലാണ്.

കാശ്‌മീരിലും റെയ്ഡുകൾ

ജമ്മു കാശ്‌മീർ പൊലീസ് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 2900 കിലോ ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെത്തി. ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരുടെ വസതികളിൽ അടക്കമായിരുന്നു പരിശോധന. ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്.

ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതി

ലഷ്കറെ ത്വയ്ബ ബംഗ്ലാദേശിലും താവളമുറപ്പിക്കുന്നുവെന്നും,ഭീകര പരിശീലന കേന്ദ്രങ്ങൾ തുറന്നുവെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന സൂചനയാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. പാകിസ്ഥാനിലെ ഖൈർപൂർ തമേവാലിയിൽ സംഘടിപ്പിച്ച റാലിയിൽ ലഷ്കറെ ത്വയ്ബ കമാൻ‌ഡർ സയ്‌ഫുള്ള സെയ്‌ഫ് നടത്തിയ പ്രസംഗത്തിലും ഇക്കാര്യം വെളിപ്പെടുത്തിയത്.