ഡൽഹി സ്‌ഫോടനം; തീവ്രവാദ ബന്ധമെന്ന് സൂചന, യുഎപിഎ ചുമത്തി പൊലീസ്, കേരളത്തിലും ജാഗ്രത
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി കാർബോംബ് സ്ഫോടനത്തിൽ യുഎപിഎ വകുപ്പുകളും സ്‌ഫോടക വസ്തു നിരോധന നിയമവും ചുമത്തി കേസെടുത്ത് ഡൽഹി പൊലീസ്. ഫോറൻസിക് തെളിവുകളും ഇന്റലിജൻസ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് നടപടി. ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
മുംബയ്, കൊൽക്കത്ത, ബംഗളൂരു, ജയ്പൂർ, ഹരിയാന, പഞ്ചാബ്, ഹൈദരാബാദ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറും ജാഗ്രതയിലാണ്. കേരളത്തിലും ജാഗ്രതാ നിർദേശമുണ്ടെന്ന് ഡിജിപി അറിയിച്ചു. തിരക്കേറിയ ഇടങ്ങളിൽ ശക്തമായ പരിശോധനയുണ്ടാവും. രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളും അതീവ ജാഗ്രതയിലാണ്.
പൊട്ടിത്തെറിച്ച കാർ ഓടിച്ചത് പുൽവാമയിൽ നിന്നുള്ള ഡോക്‌ടറായ ഉമർ മുഹമ്മദ് ആണെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. കാറിന്റെ ഇപ്പോഴത്തെ ഉടമ ഉമർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫരീദാബാദിൽ ഇന്നലെ നടന്ന റെയ്ഡിന് മുമ്പ് അറസ്റ്റിലായ രണ്ട് ഡോക്ടർമാരുടെ അതേ ശൃംഖലയിൽ പെട്ടയാളാണ് ഇയാളെന്നാണ് പൊലീസിന്റെ നിഗമനം. ഉമറിന്റെ മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധനയിലേയ്ക്ക് കടക്കാനുള്ള നീക്കത്തിലാണ് പൊലീസ്.