ആഡംബരത്തിന്റെ സ്വർണ കുപ്പായം

Tuesday 11 November 2025 7:06 AM IST

ദുബായ്: ലോകത്തെ ഏറ്റവും വിലയേറിയ സ്വർണ്ണ വസ്ത്രം ഏതാണെന്ന് അറിയാമോ ? ' ദുബായ് ഡ്രസ്" ആണത്. ലോകത്തെ ഏറ്റവും ഭാരമേറിയ വസ്ത്രത്തിന്റെ റെക്കാഡും ഇതിനാണ്. സൗദി അറേബ്യൻ ബ്രാൻഡായ അൽ റൊമൈസാൻ ഗോൾഡ് ആൻഡ് ജ്വല്ലറിയാണ് ഗിന്നസ് ലോക റെക്കാഡിൽ ഇടംനേടിയ ഈ വസ്ത്രത്തിന്റെ നിർമ്മാതാക്കൾ.

21 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച ഈ വസ്ത്രത്തിന് 10 കിലോഗ്രാമിലേറെ ഭാരമുണ്ട്. ഏകദേശം 10.8 ലക്ഷം ഡോളറാണ് (ഏകദേശം 9.65 കോടി രൂപ) വസ്ത്രത്തിന്റെ മൂല്യം. നെക്‌ലസ്, കമ്മൽ, കിരീടം എന്നിവ അടങ്ങുന്ന ആഭരണ സെറ്റും വസ്ത്രത്തോടൊപ്പമുണ്ട്. പരമ്പരാഗത ആഡംബര അറേബ്യൻ ശൈലിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന വസ്ത്രത്തിൽ ഡയമണ്ട്, മരതകം, മാണിക്യം എന്നിവ പതിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ യു.എ.ഇയിലെ എക്‌സ്‌പോ ഷാർജയിൽ 56 -ാത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയ്ക്കിടെയാണ് ഈ വസ്ത്രം അവതരിപ്പിച്ചത്. 1,270.5 ഗ്രാം സ്വർണമാണ് വസ്ത്രത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. 980 മണിക്കൂർ കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.