ഡോക്യുമെന്ററി വിവാദം: ബി.ബി.സിക്കെതിരെ നിയമനടപടിക്ക് ട്രംപ്

Tuesday 11 November 2025 7:06 AM IST

ലണ്ടൻ: ബ്രിട്ടീഷ് മാദ്ധ്യമമായ ബി.ബി.സിക്കെതിരെ നിയമനടപടിക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിനെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയിലെ എഡിറ്റിംഗ് വിവാദമായതോടെയാണ് നീക്കം. ഈ മാസം 14നകം ഡോക്യുമെന്ററി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം കുറഞ്ഞത് 100 കോടി ഡോളറെങ്കിലും നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും ട്രംപിന്റെ അഭിഭാഷകർ ബി.ബി.സിയെ അറിയിച്ചു.

കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഡോക്യുമെന്ററിയിൽ നടത്തിയ എഡിറ്റിംഗാണ് ബി.ബി.സിക്ക് തലവേദനയായിരിക്കുന്നത്. 2021 ജനുവരിയിലെ കാപിറ്റോൾ കലാപത്തിന് ട്രംപ് ആഹ്വാനം നൽകിയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിലെ രണ്ട് വ്യത്യസ്ത ഭാഗങ്ങൾ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർക്കുകയായിരുന്നു. മറ്റൊരു സന്ദർഭത്തിലെ വീഡിയോ ദൃശ്യങ്ങളും ഇതൊടൊപ്പം കൂട്ടിച്ചേർത്തു. 2024 നവംബറിൽ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തത്.

സംഭവം വിവാദമായതോടെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ, ബി.ബി.സി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സി.ഇ.ഒ ഡെബോറ ടർണെസും ഞായറാഴ്ച രാജിവച്ചു. ചില തെറ്റുകൾ സംഭവിച്ചെന്നും ഡയറക്ടർ ജനറൽ എന്ന നിലയിൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഡേവി രാജിക്കത്തിൽ വ്യക്തമാക്കി. പിഴവ് സമ്മതിച്ച് ബി.ബി.സി ചെയർമാൻ സമീർ ഷാ ഇന്നലെ മാപ്പും പറഞ്ഞു. ബി.ബി.സിയിൽ 100 ശതമാനം വ്യാജ വാർത്തകളാണെന്ന് ട്രംപ് പരിഹസിച്ചു.