സർകോസി ജയിൽ മോചിതൻ
പാരീസ്: മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർകോസി (70) ജയിൽ മോചിതനായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലിബിയയിൽ നിന്ന് നിയമ വിരുദ്ധമായി ഫണ്ട് ശേഖരിച്ച കേസിൽ ഒക്ടോബർ 21നാണ് സർകോസിയെ പാരീസിലെ ലാ സാന്റെ ജയിലിലേക്ക് മാറ്റിയത്. കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി സർകോസിയ്ക്ക് കോടതി 5 വർഷം ജയിൽ ശിക്ഷ വിധിച്ച പിന്നാലെയായിരുന്നു ഇത്.
സർകോസിയുടെ അപ്പീൽ വിചാരണ അടുത്ത വർഷം നടക്കുന്നതിനാലാണ് കോടതി ഇന്നലെ ഇളവ് അനുവദിച്ചത്. അതേ സമയം, സർകോസിയുടെ നീക്കങ്ങൾ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും. അദ്ദേഹം രാജ്യംവിടാൻ പാടില്ല.
2007ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലിബിയൻ മുൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ സർക്കാരിൽ നിന്ന് നിയമ വിരുദ്ധമായി ഫണ്ട് സ്വീകരിക്കാൻ സർകോസി തന്റെ സഹായികൾക്ക് അനുമതി നൽകിയെന്നാണ് കണ്ടെത്തൽ. കേസിൽ സർകോസിക്കെതിരെ അഴിമതിക്കുറ്റം ചുമത്തിയില്ല. ഫണ്ടിന്റെ ഗുണഭോക്താവ് സർകോസിയാണെന്നതിന് തെളിവുകളില്ലാത്തതാണ് കാരണം.
കേസിൽ താൻ നിരപരാധിയാണെന്ന് സർകോസി ആവർത്തിക്കുന്നു. 2007-2012 കാലയളവിലാണ് സർകോസി ഫ്രഞ്ച് പ്രസിഡന്റായിരുന്നത്. ആധുനിക ഫ്രാൻസിൽ ജയിൽ ശിക്ഷ ലഭിക്കുന്ന ആദ്യ മുൻ പ്രസിഡന്റാണ് സർകോസി.