തായ്‌ - കംബോഡിയ സമാധാന കരാറിൽ വിള്ളൽ

Tuesday 11 November 2025 7:07 AM IST

ബാങ്കോക്ക് : കംബോഡിയയുമായുള്ള വെടിനിറുത്തൽ കരാർ നടപ്പാക്കുന്നത് താത്കാലികമായി നിറുത്തിവച്ചെന്ന് തായ്‌ലൻഡ്. കംബോഡിയൻ അതിർത്തിക്ക് സമീപം സിസാകെറ്റ് പ്രവിശ്യയിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് തങ്ങളുടെ സൈനികർക്ക് പരിക്കേറ്റ പിന്നാലെയാണ് തായ്‌ലൻഡിന്റെ പ്രഖ്യാപനം.

കഴിഞ്ഞ മാസം അവസാനം മലേഷ്യയിൽ ആസിയാൻ ഉച്ചകോടിയ്ക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മദ്ധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും അതിർത്തിയിലെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള വിപുലീകരിച്ച വെടിനിറുത്തൽ കരാറിൽ ഒപ്പിട്ടത്. അതേ സമയം, കരാറിൽ നിന്ന് പിന്മാറില്ലെന്ന് തായ്‌ലൻഡ് വ്യക്തമാക്കി.

സുരക്ഷാ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചരൺവിരാകുൽ പറഞ്ഞു. സമാധാന കരാറിന്റെ ഭാഗമായി തർക്ക പ്രദേശങ്ങളിൽ നിന്ന് മാരക ആയുധങ്ങൾ പിൻവലിക്കാനും നിരീക്ഷണ സമിതിയെ അതിർത്തിയിൽ നിയോഗിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. തായ്‌ലൻഡിലുള്ള 18 കംബോഡിയൻ സൈനികരുടെ മോചനം നടപ്പാക്കാനുള്ള നീക്കത്തിലായിരുന്നു.

ഇക്കഴിഞ്ഞ ജൂലായി 24ന് അതിർത്തിയിൽ തായ്-കംബോഡിയൻ സൈന്യം ഏറ്റുമുട്ടൽ തുടങ്ങിയിരുന്നു. ഇരുരാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിലായി 35ലേറെ പേർ കൊല്ലപ്പെട്ടു. തുടർന്ന് ജൂലായ് 28ന് യു.എസിന്റെ ഏകോപനത്തോടെ മലേഷ്യയിൽ നടന്ന മദ്ധ്യസ്ഥ ചർച്ചയിലൂടെ ഇരുരാജ്യങ്ങളും വെടിനിറുത്തൽ നടപ്പാക്കുകയായിരുന്നു. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ യു.എസ് വ്യാപാര കരാറിൽ ഏർപ്പെടില്ലെന്ന മുന്നറിയിപ്പ് ഇരുരാജ്യങ്ങൾക്കും നൽകിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.