നടൻ ധർമേന്ദ്ര സുഖം പ്രാപിക്കുന്നു; മരണവാർത്ത തള്ളി മകൾ, വിമർശനവുമായി ഹേമമാലിനി

Tuesday 11 November 2025 8:58 AM IST

മുംബയ്: വിഖ്യാത ബോളിവുഡ് നടനും മുൻ എം.പിയുമായ ധർമേന്ദ്ര അന്തരിച്ചതായുള്ള വാർത്തകൾ തള്ളി മകൾ ഇഷ ഡിയോൾ. പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഇഷ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. മുംബയ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് ധർമേന്ദ്ര. 89 വയസാണ്. ബോളിവുഡ് നടി ഹേമമാലിനി ആണ് ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറ് മക്കളുണ്ട്.

'മാദ്ധ്യമങ്ങൾ തിടുക്കം കാട്ടുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. പിതാവ് സുഖം പ്രാപിച്ചുവരികയാണ്. കുടുംബത്തിന്റെ സ്വകാര്യത നൽകമെന്ന് അഭ്യർത്ഥിക്കുന്നു. പിതാവ് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായുള്ള ഏവരുടെയും പ്രാർത്ഥനകൾക്ക് നന്ദി'- എന്നാണ് ഇഷ ഡിയോൾ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.

നടി ഹേമമാലിനിയും ധർമേന്ദ്രയുടെ മരണവാർത്തകളെ വിമർശിച്ച് രംഗത്തെത്തി. 'സംഭവിക്കുന്നത് മാപ്പ് നൽകാനാവാത്ത കാര്യങ്ങളാണ്. ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയും? ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിനും ഞങ്ങളുടെ സ്വകാര്യതയ്ക്കും അർഹമായ ബഹുമാനം നൽകുക'-ഹേമമാലിനി കുറിച്ചു.

ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ എട്ടിന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ബോളിവുഡിന്റെ 'ഹി- മാൻ' എന്നറിയപ്പെടുന്ന ധർമേന്ദ്രയുടെ 'ഷോലെ', 'ഫൂൽ ഓർ പത്തർ', 'ചുപ്‌കെ ചുപ്‌കെ' എന്നീ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധയേമാണ്.