ലക്ഷ്യം ചാന്ദ്നി ചൗക്ക്? ഡ്രെെവർ ഉമർ മുഹമ്മദ്; എത്തിയത് കൂട്ടക്കുരുതിക്ക്

Tuesday 11 November 2025 10:17 AM IST

ന്യൂഡൽഹി: ഡൽഹിയിലെ സ്ഫോടനത്തിൽ ബോംബ് വച്ചിരുന്നുവെന്ന് കരുതുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എച്ച്ആർ 26CE7674 എന്ന പ്ലേറ്റുള്ള വെളുത്ത ഹ്യുണ്ടായ് ഐ20 നമ്പർ കാർ മൂന്ന് മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് അടുത്തുള്ള പാർക്കിംഗ് സ്ഥലത്ത് ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. വെെകിട്ട് 3.19ന് പാർക്ക് ചെയ്ത വാഹനം 6.30നാണ് അവിടെ നിന്ന് പുറപ്പെട്ടത്.

നീലയും കറുപ്പും നിറങ്ങളുള്ള ടീഷർട്ട് ധരിച്ച ആളാണ് കാർ ഓടിച്ചിരുന്നത്. ഡോ. ഉമർ മുഹമ്മദ് എന്നയാളാണ് കാർ ഓടിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതിൽ ഡോ. മുസമിൽ ഷക്കീൽ, ഡോ. ആദിൽ അഹമ്മദ് റാത്തർ, എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

സ്ഫോടകവസ്തുക്കളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇതേത്തുടർന്ന് ഡോ. ഉമർ മുഹമ്മദ് പരിഭ്രാന്തനായി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയതായാണ് റിപ്പോർട്ടുകൾ. ഉമർ മറ്റ് രണ്ട് കൂട്ടാളികളുമായി ചേർന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും കാറിൽ ഡിറ്റണേറ്റർ സ്ഥാപിച്ചുവെന്നുവെന്നും പൊലീസ് സൂചന നൽകുന്നു.

കാർ പാർക്ക് ചെയ്തിരുന്ന സമയത്ത് ഉമർ കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്നാണ് വിവരം. അയാൾ ആർക്കെങ്കിലും വേണ്ടിയോ അല്ലെങ്കിൽ നിർദേശങ്ങൾക്ക് വേണ്ടിയോ കാത്തിരുന്നത് ആയിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. അൽ ഫലാഹ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉമർ ജോലി ചെയ്തിരുന്നത്.

ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഒമ്പത് പേർ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 20ഓളം പേർക്ക് പരിക്കേറ്റു. മരിച്ച അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഏറ്റവും തിരക്കേറിയ ചാന്ദ്നി ചൗക്ക് വ്യാപാരമേഖല ഇവിടെയാണ്. ഈ മാർക്കറ്റിനെ ലക്ഷ്യവച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് സംശയം.