ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ: എല്ലാ വ്യോമതാവളങ്ങളിലും 'റെഡ് അലർട്ട്'; സൈനിക വിമാനങ്ങൾ സജ്ജം
ഇസ്ലാമാബാദ്: ഡൽഹിയിലെ മെട്രോ സ്റ്റേഷന് സമീപം ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിച്ച് പാകിസ്ഥാൻ. ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികാര നടപടികളോ അതിർത്തിയിൽ കൂടുതൽ സംഘർഷങ്ങൾക്കോ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്നാണ് സുരക്ഷ വർദ്ധിപ്പിച്ചത്. എല്ലാ എയർ ബേസുകളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയായ 'ഓപ്പറേഷൻ സിന്ദൂറിന്റെ ഓർമ്മ പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഇന്ത്യ-പാക് അതിർത്തിയിൽ പാകിസ്ഥാൻ എയർ ഡിഫൻസ് സംവിധാനങ്ങൾ അതീവ ജാഗ്രതയോടെയാണ് നിരീക്ഷണം നടത്തുന്നത്. അതേസമയം, നവംബർ 11 മുതൽ 12 വരെ അതിർത്തിയിലെ വ്യോമഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും വർദ്ധിപ്പിച്ചു കൊണ്ട് 'നോട്ടീസ് ടു എയർമെൻ' പ്രഖ്യാപിച്ചു. പൈലറ്റുമാർക്കും വിമാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും വ്യോമയാന അതോറിറ്റി നൽകുന്ന നിർണായക സന്ദേശമാണിത്.
പാകിസ്ഥാന്റെ കര, വ്യോമ, നാവികസേനയടക്കമുള്ള സായുധ സേനകളെല്ലാം അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ച് ഏത് സാഹചര്യത്തെയും നേരിടാൻ പാകിസ്ഥാൻ സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏത് നിമിഷവും ഇന്ത്യയിൽ നിന്ന് ആക്രമണം ഉണ്ടാകുമെന്ന ഭയത്താൽ പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കുകയും എയർ ബേസുകളിൽ നിന്ന് വിമാനങ്ങൾ ഉടൻ പറന്നുയരുന്ന വിധത്തിൽ സജ്ജമാക്കി നിർത്തുകയും ചെയ്തിട്ടുണ്ട്. സൈനിക വിമാനങ്ങളെയും സൈനിക സ്ഥാപനങ്ങളെയും ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പ്രത്യേക മുൻകരുതലുകളാണ് പാകിസ്ഥാൻ എടുത്തിരിക്കുന്നത്.