സ്‌ഫോടനത്തിൽ അറ്റുപോയ കൈ ഉമറിന്റേത്? കസ്റ്റഡിയിലുള്ള ബന്ധുക്കളുടെ ഡിഎൻഎ പരിശോധന നടത്തും

Tuesday 11 November 2025 12:48 PM IST

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം ഇന്നലെ വൈകിട്ടുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ചാവേർ ഡോ. ഉമർ മുഹമ്മദ് തന്നെയെന്ന സംശയത്തിലുറച്ച് പൊലീസ്. സ്‌ഫോടന സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും ഡോ. ഉമറിന്റെ പങ്കാളിത്തത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് അറ്റുപോയ ഒരു കൈ കണ്ടെത്തിയിട്ടുണ്ട്. ഇത് ഉമറിന്റേതാണെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി കാശ്‌മീരിലുള്ള ഉമറിന്റെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഡൽഹി സ്‌ഫോടനവും ഫരീദാബാദിൽ നിന്ന് വൻ സ്‌ഫോടക വസ്‌തു ശേഖരം പിടിച്ചെടുത്തതും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ച് വരികയാണ് പൊലീസ്. പിടിയിലായ ഡോക്‌ടർമാരുടെ കൂട്ടാളിയാണ് ഡോ. ഉമർ എന്നാണ് കണ്ടെത്തൽ. ജമ്മു കാശ്‌മീരിലെ പുൽവാമ സ്വദേശിയാണ് ഇയാൾ. ഫരീദാബാദിലെ അൽ - ഫലാഹ് മെഡിക്കൽ കോളേജിൽ ഡോക്‌ടറായി ജോലി ചെയ്യുകയായിരുന്നു ഉമർ.

ഉമറിന്റെ പിതാവ് സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. മാനസിക പ്രശ്‌നങ്ങൾ കാരണം ഇയാൾ വർഷങ്ങൾക്ക് മുമ്പ് ജോലി ഉപേക്ഷിച്ചതായും വിവരമുണ്ട്. വീട്ടിൽ രണ്ട് സഹോദരന്മാരും ഒരു മൂത്ത സഹോദരിയുമുണ്ട്. ഇതിൽ ഒരു സഹോദരനും സഹോദരിയും വിവാഹിതരാണ്. നിലവിൽ ഉമറിന്റെ രണ്ട് സഹോദരന്മാരെയും മാതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നാണ് ഉമർ എംഡി പൂർത്തിയാക്കിയത്. ശേഷം ജിഎംസി അനന്തനാഗിൽ സീനിയർ റെസിഡന്റായി ജോലി ചെയ്യുകയും പിന്നീട് ഡൽഹിയിലേക്ക് പോവുകയും ചെയ്‌തു. ടെലിഗ്രാം ചാനലുകളിലൂടെ രൂപീകരിച്ച തീവ്രവൽക്കരിക്കപ്പെട്ട ഒരു സംഘം മെഡിക്കൽ പ്രൊഫഷണലുകളുടെ സംഘത്തിൽ ഉമറും ഉൾപ്പെട്ടിരുന്നു.