200 വർഷം പഴക്കമുള്ള ശിവക്ഷേത്രം; ചുറ്റും കാട്, അതിമനോഹരമായ അന്തരീക്ഷം, പ്രത്യേകതകളേറെ
ചുമർ ചിത്രകലകൾ കൊണ്ട് ഏറെ പ്രശസ്‌തമായ ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ തൊടീക്കളം ശിവക്ഷേത്രം. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരള പുരാവസ്‌തു വകുപ്പിന് കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു ക്ഷേത്രം കൂടിയാണിത്. പഴശിരാജയുടെ പ്രധാന ഒളിത്താവളം കൂടിയായിരുന്നു ഈ ക്ഷേത്രം.
ജൈവച്ചായക്കൂട്ടുകൾ ഉപയോഗിച്ചാണ് ഇവിടത്തെ ചുമർ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ ക്ഷേത്രത്തിന് ചരിത്രവുമായി വളരെയധികം ബന്ധമുണ്ട്. 1801ൽ കേരളവർമ പഴശിരാജയുടെ പ്രധാന അനുയായി ആയിരുന്ന കണ്ണവത്തുനമ്പ്യാരെയും അദ്ദേഹത്തിന്റെ 24കാരനായ മകനെയും ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റിയ കണ്ണവത്തിനടുത്താണ് തൊടീക്കളം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
കാളി, ദുർഗ, ശിവൻ, നടരാജൻ, ചതുർബാഹു വിഷ്‌ണു, കൃഷ്‌ണൻ, സിംഹാസനത്തിൽ ഇരിക്കുന്ന കോട്ടയം രാജാവ് എന്നിവയാണ് ശ്രീകോവിലിന്റെ കിഴക്ക് വശത്തുള്ള ചിത്രങ്ങൾ, രാജരാജേശ്വരി, അഘോരശിവൻ, മോഹിനി, ദക്ഷിണാമൂർത്തിയും ശിഷ്യനും എന്നിവയാണ് തെക്കേ ഭിത്തിയിലെ ആദ്യചിത്രങ്ങൾ. മുകളിലും താഴെയും നടുക്കും രുഗ്മിണീ സ്വയംവരം എന്നീ ചിത്രങ്ങളാണുള്ളത്. ഈ ചിത്രങ്ങളിലെല്ലാം പ്രകൃതിദത്തമായ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചുറ്റും കാടായതിനാൽ പ്രകൃതിഭംഗി നിറഞ്ഞുനിൽക്കുന്ന സ്ഥലംകൂടിയാണിത്.