'പിന്നിലുള്ളവരെ വെറുതെവിടില്ല, എല്ലാ അന്വേഷണ ഏജൻസികളുമായും ഞാൻ സംസാരിച്ചു'; പ്രതികരിച്ച് പ്രധാനമന്ത്രി
തിംഫു (ഭൂട്ടാൻ): ന്യൂഡൽഹിയിലുണ്ടായ കാർ സ്‌ഫോടനത്തിന് പിന്നിലുള്ളവരെ വെറുതെവിടില്ലെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ഥിതിഗതികൾ നീരിക്ഷിക്കുന്നതായും ഭൂട്ടാനിലെ പൊതുപരിപാടിയിൽ സംസാരിക്കവെ മോദി വ്യക്തമാക്കി. ആക്രമണത്തെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ന് വളരെ വേദനയോടെയാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഡൽഹിയിൽ ഇന്നലെ വെെകുന്നേരം നടന്ന ഭയാനകമായ സംഭവം എല്ലാവരെയും വളരെയധികം ദുഃഖത്തിലാഴ്ത്തി. ഇരകളായ കുടുംബങ്ങളുടെ ദുഃഖം ഞാൻ മനസിലാക്കുന്നു. രാജ്യം മുഴുവൻ ഇന്ന് അവരോടൊപ്പമുണ്ട്. കഴിഞ്ഞ രാത്രി മുഴുവൻ ആ സംഭവം അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ഞാൻ ബന്ധപ്പെട്ടിരുന്നു. നമ്മുടെ ഏജൻസികൾ ഈ ഗുഢാലോചനയുടെ ചുരുളഴിക്കും. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും'- മോദി വ്യക്തമാക്കി.
സ്‌ഫോടനത്തെക്കുറിച്ച് രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
'സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്ന് എന്റെ സഹ പൗരന്മാർക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഉടൻ പരസ്യമാക്കും. ഈ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും ഞാൻ രാജ്യത്തിന് ഉറപ്പ് നൽകുന്നു'- രാജ്നാഥ് സിംഗ് പറയുന്നു. സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.