എക്സിറ്റ്‌പോൾ ഫലങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നുവോ? ലോക രാജ്യങ്ങളുടെ നടപടി സൂചിപ്പിക്കുന്നത്
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ മൂന്ന് പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പ് വിശകലനത്തിന്റെ ഒരു പ്രധാന ഘടകമായി കണക്കാക്കുന്ന ഒന്നാണ് എക്സിറ്റ് പോളുകൾ. ഔദ്യോഗിക ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് വോട്ടർമാരുടെ മനസിനെക്കുറിച്ച് സൂചന നൽകുന്ന ഒന്നാണ് എക്സിറ്റ്‌പോൾ ഫലങ്ങൾ. തിരഞ്ഞെടുപ്പ് ദിവസമോ അല്ലെങ്കിൽ അതിന് മുമ്പോ വോട്ടർമാരോട് ചില ചോദ്യങ്ങൾ ചോദിച്ച് നടത്തുന്ന ഈ സർവ്വേ, കൃത്യമായ ഫലങ്ങളുടെ കണക്കായിട്ടാണ് പരിഗണിക്കുന്നത്. എന്നാൽ പല എക്സിറ്റ്‌പോൾ ഫലങ്ങളും തെറ്റിയ ചരിത്രമുണ്ട്.
ഇപ്പോഴിതാ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ വൈകിട്ട് എക്സിറ്റ്‌പോൾ ഫലങ്ങൾ പുറത്തുവരും. നവംബർ 14ന് ഔദ്യോഗിക ഫലങ്ങൾ പുറത്തുവരുന്നതിന് മുന്നോടിയായാണ് ഇന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നത്. എന്നാൽ ആഗോളതലത്തിൽ എക്സിറ്റ്‌പോളുകളുടെ വിശ്വാസ്യതയിൽ പ്രകടമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയ പ്രക്രിയകളെക്കുറിച്ച് പൗരന്മാർ കൂടുതൽ ജാഗ്രത പുലർത്തുമ്പോൾ, ഫലത്തിന് മുമ്പുള്ള സർവേകളുടെ വസ്തുനിഷ്ഠതയിൽ വിശ്വസിക്കാനുള്ള സാധ്യത കുറവാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. വേഗത്തിലുള്ളതും സുതാര്യവുമായ വോട്ടെണ്ണൽ നടക്കുന്ന രാജ്യങ്ങളിൽ, എക്സിറ്റ് പോളുകളുടെ പ്രായോഗിക പ്രസക്തിയും കുറഞ്ഞുവരികയാണ്. കാരണം, പ്രതികരിച്ചവരിൽ പലരും തങ്ങൾ ആരെയാണ് തിരഞ്ഞെടുത്തതെന്ന് വെളിപ്പെടുത്താൻ വിസമ്മതിച്ചേക്കാം. മാത്രമല്ല, ചിലർ തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരങ്ങൾ നൽകാനും സാദ്ധ്യതയുണ്ട്. ഇതെല്ലാം ഈ സർവേകളുടെ ആഴത്തെയും കൃത്യതയെയും ദുർബലപ്പെടുത്തുന്നു.
ഇന്ത്യയിൽ, സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് ലോക്നീതി പോലുള്ള സ്ഥാപനങ്ങൾ നടത്തിയ സർവേകൾ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തിരഞ്ഞെടുപ്പിൽ പൊതുജനങ്ങളുടെ വിശ്വാസം പകുതിയായി കുറഞ്ഞുവെന്ന് കണ്ടെത്തി. ഇത് എക്സിറ്റ് പോൾ വിശ്വാസ്യതയെക്കുറിച്ചുള്ള ധാരണകളെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്.
എന്നാൽ ഇന്ത്യയിലെ എക്സിറ്റ് പോളുകൾക്ക് ചെറിയ തോതിലുള്ള കൃത്യതയുണ്ട്. എന്നിരുന്നാലും, സമീപകാല തിരഞ്ഞെടുപ്പുകളിൽ പ്രവചിച്ചതും യഥാർത്ഥ ഫലങ്ങളും തമ്മിലുള്ള ആവർത്തിച്ചുള്ള പൊരുത്തക്കേടുകൾ എക്സിറ്റ് പോളുകളുടെ വിശ്വാസ്യതയെ ഇല്ലാതാക്കിയിട്ടുണ്ട്. ഇന്ന് ലോകത്ത് വിവിധ രാജ്യങ്ങളിൽ എക്സിറ്റ്‌പോളുകൾ നിരോധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ആ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ഫ്രാൻസ്: തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാൻ ഇവിടെ എക്സിറ്റ് പോളുകൾ നിരോധിച്ചിട്ടുണ്ട്. എണ്ണിയ ശേഷം കണക്കാക്കിയ വോട്ട് വിഹിതം മാമ്രേ പുറത്തുവിടൂ. ഇറ്റലി: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാൻ വോട്ടെടുപ്പിന് 15 ദിവസം മുമ്പ് മുതൽ വോട്ടെണ്ണൽ അവസാനിക്കുന്നതുവരെ എക്സിറ്റ് പോളുകൾ നിരോധിച്ചിരിക്കുന്നു. ജർമ്മനി: വേഗത്തിലുള്ളതും സുതാര്യവുമായ വോട്ടെണ്ണൽ കാരണം പരിമിതമായ എക്സിറ്റ് പോളുകൾ മാത്രമാണ് അനുവദിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ ഫലങ്ങൾ ലഭ്യമാണ്. യുകെ: വോട്ടെണ്ണൽ ഉടൻ ആരംഭിക്കുകയും പിറ്റേന്ന് രാവിലെയോടെ ഫലങ്ങൾ അറിയുകയും ചെയ്യുന്നതിനാൽ എക്സിറ്റ് പോളുകളുടെ പ്രാധാന്യം നഷ്ടപ്പെട്ടു. സിംഗപ്പൂർ: വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നത് നിയമപരമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക: മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയിലും ഫലങ്ങൾ റിപ്പോർട്ട് ചെയ്യാൻ അനുവാദമില്ല. ചെക്ക് റിപ്പബ്ലിക്: പോളിംഗ് സ്റ്റേഷനുകളിൽ എക്സിറ്റ് പോളുകൾ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.