വീട്ടിൽ ചെമ്പരത്തിപ്പൂവ് ഉണ്ടോ? 10 മിനിട്ടിൽ കിടിലൻ ഹൽവ റെഡി, ഇങ്ങനെ ഒന്ന് കഴിച്ചുനോക്കൂ
ഹൽവ പ്രേമികളാണോ നിങ്ങൾ? എങ്കിൽ ഒരു തവണയെങ്കിലും ചെമ്പരത്തിപ്പൂവ് ഹൽവ ട്രെെ ചെയ്യണം. വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തന്നെ ചെമ്പരത്തിപ്പൂവ് ഹൽവ ഉണ്ടാകാമെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
- ചെമ്പരത്തിപ്പൂവ്
- നെയ്യ്
- പഞ്ചസാര
- ബദാം / കപ്പലണ്ടി
- നാരങ്ങ
- കോൺഫ്ലവർ പൗഡർ
- ഏലക്കപ്പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം 10 -12 ചെമ്പരത്തിപ്പൂവ് (അഞ്ച് ഇതളുള്ള ചെമ്പരത്തിപ്പൂവ് വേണം എടുക്കാൻ ) എടുക്കുക. ശേഷം അതിലെ ഇതളുകൾ മാത്രം എടുത്ത് നല്ലപോലെ കഴുകുക. ഇനി ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ചശേഷം അത് നല്ലപോലെ തിളപ്പിക്കണം. തിളച്ച വെള്ളത്തിൽ നേരത്തെ കഴുകിവച്ച ചെമ്പരത്തിയുടെ ഇതൾ ഇട്ട് കൊടുക്കുക. വീണ്ടും വെള്ളം തിളപ്പിക്കുക. വെള്ളത്തിന്റെ നിറം മാറുമ്പോൾ ഇത് അരിച്ച് തണുക്കാൻ വയ്ക്കുക.
ഇനി ഒരു പാത്രത്തിൽ അഞ്ച് ടേബിൾ സ്പൂൺ കോൺഫ്ലവർ പൗഡർ എടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ കലക്കിയെടുക്കാം. ഇനി ചൂട് മാറിയ ചെമ്പരത്തി വെള്ളത്തിൽ അരമുറിയുടെ നാരങ്ങ നീര് കൂടി ചേർക്കണം. ഇതിലേക്ക് കോൺഫ്ലവർ പൗഡർ കലക്കിയ മിശ്രിതം കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കണം. ഇനി ഇവ കുറഞ്ഞ തീയിൽ നല്ലപോലെ ഇളക്കുക.
ഈ മിശ്രിതം ഒന്ന് കുറുകി വരുമ്പോൾ ആവശ്യത്തിന് പഞ്ചാരയും നെയ്യും ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കാം. അരസ്പൂൺ ഏലക്കപ്പൊടിയും ബദാം കൂടി പൊടിച്ച് ചേർക്കുക (ബദാം ഇല്ലെങ്കിൽ കപ്പലണ്ടി). നല്ലപോലെ കുറുകി ചട്ടിയിൽ നിന്ന് വിട്ട് വരുമ്പോൾ വട്ടപാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ചശേഷം ഈ മിശ്രിതം അതിൽ ഒഴിക്കുക. ചൂട് മാറിയശേഷം പാത്രത്തിൽ നിന്ന് എടുത്ത് കട്ട് ചെയ്ത് കഴിക്കാം.