'കൊടുത്ത പണം തിരിച്ചു ചോദിച്ചു, ടൊവിനോയുടെ പടത്തിൽ നിന്നും എന്നെ കട്ട് ചെയ്തു'; തുറന്നുപറഞ്ഞ് ഹരീഷ് കണാരൻ
മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഹരീഷ് കണാരൻ. കടം നൽകിയ പണം തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തിൽ തനിക്ക് സിനിമയിൽ അവസരം നഷ്ടപ്പെടുത്തിയെന്ന് ഹരീഷ് പറഞ്ഞു. പണം തിരിച്ചുനൽകാത്തതിനെ തുടർന്ന് അമ്മ സംഘടനയിൽ പരാതി നൽകിയിരുന്നു. ഇതോടെ അദ്ദേഹം ഇടപെട്ട് എനിക്ക് ലഭിക്കേണ്ട ഒരുപാട് വേഷങ്ങൾ നഷ്ടപ്പെടുത്തുകയായിരുന്നെന്നും ഹരീഷ് കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹരീഷ് കണാരന്റെ വാക്കുകളിലേക്ക് 'ഒട്ടുമിക്ക മലയാള സിനിമകളും കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു അദ്ദേഹം. 20 ലക്ഷത്തോളം രൂപ ഞാൻ അദ്ദേഹത്തിന് കടമായി നൽകിയിരുന്നു. അതിൽ ആറ് ലക്ഷത്തോളം രൂപ അദ്ദേഹം എനിക്ക് തിരിച്ചുതന്നു. എന്റെ വീട് പണി നടക്കുന്ന സമയത്ത് ഞാൻ ബാക്കി പണം തിരികെ ചോദിച്ചു. എന്നാൽ പണം ലഭിച്ചില്ല. ഇതോടെ ഞാൻ അമ്മ സംഘടനയിൽ പരാതി നൽകി.
ഇതിന്റെ വൈരാഗ്യത്തിൽ ആയിരിക്കണം, അദ്ദേഹം ഇടപെട്ട് ഞാൻ അഭിനയിക്കേണ്ട ഒരുപാട് സിനിമകളിൽ നിന്ന് എന്നെ കട്ട് ചെയ്തു. 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിൽ എനിക്ക് വേഷമുണ്ടായിരുന്നു. അതും എനിക്ക് നഷ്ടമായി. ഒരിക്കൽ ടൊവിനോയെ കണ്ടപ്പോൾ എന്നോട് ചോദിച്ചിരുന്നു 'ചേട്ടനെ കണ്ടില്ലല്ലോ' എന്ന്. അങ്ങനെയുള്ള ഒരുപാട് ചിത്രങ്ങൾ എനിക്ക് നഷ്ടമായി. സിനിമയിൽ നിന്ന് അപ്രത്യക്ഷമായെന്ന് പലർക്കും തോന്നിയത് അതാണ്. കുറേക്കാലത്തിന് ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ്'.