ഇന്ത്യയിൽ വനിതകളുടെ ഭീകര സംഘടന സ്ഥാപിക്കാനുള്ള ചുമതല; അറസ്റ്റിലായ വനിതാ ഡോക്‌ടറുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്‌ഫോടകവസ്‌തുക്കൾ പിടിച്ചെടുത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലക്‌നൗ സ്വദേശിയായ വനിതാ ഡോക്‌ടർക്ക് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്. ഡോ. ഷഹീൻ ഷാഹിദാണ് നേരത്തേ അറസ്റ്റിലായത്. ഭീകരസംഘടനയായ ജെയ്‌ഷെ - മുഹമ്മദിന്റെ (ജെഇഎം) വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനും റിക്രൂട്ട്‌മെന്റിനും ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് ഇവരെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
പാകിസ്ഥാനിൽ ജെഇഎം സ്ഥാപകൻ മസൂദ് അഹ്‌സറിന്റെ സഹോദരി സാദിയ അസ്‌ഹർ നേതൃത്വം നൽകുന്ന വനിതാ വിഭാഗമായ ജമാഅത്ത് ഉൽ - മോമിനാത്തിന്റെ ഇന്ത്യയിലെ ചുമതല ഇവർക്കായിരുന്നു. സാദിയ അസ്‌ഹറിന്റെ ഭർത്താവ് യൂസഫ് അസ്‌ഹർ, കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനായിരുന്നു. ഇയാൾ മേയ് ഏഴിന് നടന്ന ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ലക്‌നൗവിലെ ലാൽബാഗ് സ്വദേശിനിയാണ് ഷഹീൻ. ഫരീദാബാദിലെ ജെയ്‌ഷെയുടെ ശൃംഖല തകർത്തതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. ഇവരുടെ കാറിൽ നിന്ന് ഒരു അസോൾട്ട് റൈഫിളും കണ്ടെടുത്തു. ഷഹീൻ അൽ- ഫലാഹ് സർവകലാശാലയുടെ ഭാഗമാണെന്നും കാശ്‌മീരി ഡോക്‌ടറായ മുസമ്മിൽ ഗനായിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.