അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായി; ജീവൻ രക്ഷിച്ചത് കൈയിൽ കെട്ടിയ സ്‌മാർട് വാച്ച്

Tuesday 11 November 2025 5:08 PM IST

നമുക്ക് ചുറ്റുമുള്ള ലോകം സാങ്കേതികവിദ്യ പുരോഗമിക്കുന്നതനുസരിച്ച് അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ദൈംനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഏറ്റവും ചെറിയ ഉപകരണങ്ങളിൽ പോലും അതിവിശാലമായ സാങ്കേതികവിദ്യ നമുക്ക് കാണാൻ കഴിയും. ചിലസമയങ്ങളിൽ സഹായത്തിനായി ചുറ്റും ആരുമില്ലാത്ത അവസരങ്ങളിൽ നമ്മുടെ ജീവൻ പോലും രക്ഷിക്കാൻ അത്തരം സാങ്കേതികവിദ്യക്ക് കഴിയും. അത്തരത്തിൽ ഒരു സ്‌മാർട് വാച്ച് തന്റെ ജീവൻ രക്ഷിച്ചതിനെക്കുറിച്ചാണ് ഒരാൾ എക്‌സിൽ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

താൻ ഒറ്റയ്‌ക്ക് ഡ്രൈവ് ചെയ്തു പോകവെ ഒരു ആക്‌സിഡന്റ് സംഭവിച്ചെന്നും തുടർന്ന് അബോധാവസ്ഥയിൽ ആയതിനാൽ സഹായത്തിനായി മറ്റാരെയും വിളിക്കാൻ കഴിയാതെ വന്നെന്നും എക്‌സ് ഉപയോക്താവ് പറയുന്നു. എന്നാൽ, സംഭവസമയത്ത് കൈയിൽ കെട്ടിയിരുന്ന ആപ്പിളിന്റെ സ്‌മാർട് വാച്ച് തന്റെ ആരോഗ്യനില ട്രാക്ക് ചെയ്യുകയും ഉടൻ തന്നെ എമർജൻസി സർവ്വീസിലേക്ക് വിവരം നൽകി ജീവൻ രക്ഷിക്കുകയും ചെയ്‌തതായാണ് അദ്ദേഹം പറയുന്നത്.

സ്മാർട്ട് വാച്ച് അദ്ദേഹത്തിന്റെ പൾസും മറ്റ് ഘടകങ്ങളും നിരീക്ഷിച്ചു. അത് പെട്ടെന്ന് തന്നെ ഒരു അടിയന്തരസഹായം ആവശ്യപ്പെടുന്ന കോൾ ചെയ്തു, അയാളുടെ കൃത്യമായ ജിപിഎസ് ലൊക്കേഷൻ സഹായകേന്ദ്രങ്ങളിലേക്ക് കൈമാറി. കൂടാതെ, അദ്ദേഹത്തിന്റെ മകന്റെ ഫോണിലേക്കും സ്‌മാർട് വാച്ച് ഒരു മെസേജ് അയച്ചു. "നിങ്ങളുടെ അച്ഛൻ ഒരു അപകടത്തിൽപ്പെട്ടു. ഞാൻ ആംബുലൻസ് വിളിച്ചിട്ടുണ്ട്, നിങ്ങളെയും വിളിച്ചിട്ടുണ്ട്, കാരണം നിങ്ങളുടെ പേര് അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ പട്ടികയിൽ അദ്ദേഹം നൽകിയിട്ടുണ്ട്' എന്നായിരുന്നു മെസേജ്.

വിവരം അറിഞ്ഞ മകൻ അപകടസ്ഥലത്തേക്ക് ഓടിയെത്തിയപ്പോഴേക്കും ആംബുലൻസ് എത്തി അച്ഛനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പോസ്റ്റ് പങ്കിട്ട എക്സ് ഉപയോക്താവ് പോസ്‌റ്റിന് അവസാനം ഒരു സന്ദേശവും പങ്കിട്ടു, "സാങ്കേതികവിദ്യ ഒരു ശാപമല്ല, മറിച്ച് അനുഗ്രഹമാകുന്നതിന്റെ മികച്ച ഉദാഹരണമാണിത്. ഇതെല്ലാം മനുഷ്യർ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു."