'കാണാനായി പലരും വരാറുണ്ടായിരുന്നു, പെരുമാറ്റം വിചിത്രം'; തുറന്ന് പറഞ്ഞ് സർവ്വകലാശാലാ പ്രൊഫസർ

Tuesday 11 November 2025 6:03 PM IST

ന്യൂഡൽഹി: ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ വനിതാ ഡോക്‌ട‌ർ ഷഹീൻ ഷാഹിദുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെ.ഇ.എം) വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനായി ഷാഹിദ് പ്രവർത്തിച്ചിരുന്നുവെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഡൽഹിയിൽ നിന്നും 45 കിലോമീറ്റർ അകലെയുള്ള അൽ- ഫലാഹ് സർവ്വകലാശാലയിലാണ് ഷഹീൻ ജോലിചെയ്‌തിരുന്നത്.

ഷഹീൻ ഷാഹീദ് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് അവരുടെ സഹപ്രവർത്തകർ. യുവതിയുടെ പെരുമാറ്ര‌ത്തെക്കുറിച്ച് അൽ -ഫലാഹ് യൂണിവേഴ്സി‌റ്ര‌ിയിലെ പ്രൊഫസർ നടത്തുന്ന വെളിപ്പെടുത്തലുകൾ അവരുടെ പശ്ചാത്തലം കൂടുതൽ വ്യക്തമാക്കുന്നു. ഷാഹിദ് അച്ചടക്കം പാലിച്ചിരുന്നില്ലെന്നും മറ്റാരും അറിയിക്കാതെ അവർ ഇടയ്‌ക്കിടയ്‌ക്ക് പുറത്ത് പോകുമായിരുന്നെന്നും പ്രൊഫസർ മാദ്ധ്യമങ്ങളോട് പറഞ്ഞു, എന്നാൽ അദ്ദേഹം തന്റെ പേര് വെളിപ്പെടുത്താൻ തയ്യാറായില്ല.

"പലരും കോളേജിൽ അവരെ കാണാൻ വരാറുണ്ടായിരുന്നു. അവരുടെ പെരുമാറ്റം പലപ്പോഴും വിചിത്രമായിരുന്നു. അവർക്കെതിരെ മാനേജ്മെന്റിന് പരാതികളും നൽകിയിരുന്നു," പ്രൊഫസർ ആരോപിച്ചു.

കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുമായി പൂർണ്ണമായും സഹകരിക്കുമെന്ന് പ്രൊഫസർ പറഞ്ഞു. ഷാഹിദിന്റെ സ്വകാര്യ രേഖകളും അവർ മുമ്പ് എവിടെയാണ് ജോലി ചെയ്തിരുന്നതെന്നും പരിശോധിക്കണമെന്ന ആവശ്യം കോളേജിലെ പലരും ഉന്നയിച്ചിട്ടുണ്ടെന്നും എന്നാൽ തങ്ങൾ അവരെ ഒരിക്കലും ഈ രീതിയിൽ സംശയിച്ചിട്ടില്ലെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു.