ദിലീപ്- ജഗൻ ഷാജി കൈലാസ് ചിത്രം തൊടുപുഴയിൽ
ചിത്രീകരണം ഇന്ന് ആരംഭിക്കും
ദിലീപ് നായകനായി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തൊടുപുഴയിൽ ആരംഭിക്കും. മറ്രന്നാൾ ദിലീപ് ജോയിൻ ചെയ്യും. ബിനു പപ്പു, ഹരിശ്രീ അശോകൻ, ശാരി തുടങ്ങിയവരാണ് ഫാമിലി ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിലെ മറ്റ് താരങ്ങൾ . കൊച്ചിയിലും ചിത്രീകരണമുണ്ട്. ഛായാഗ്രഹണം അജയ ഡേവിഡ് കാച്ചപ്പിള്ളി. അൻപതു ദിവസത്തെ ചിത്രീകരണം ആണ് പ്ലാൻ ചെയ്യുന്നത്. സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്ത മകനാണ് ജഗൻ. ഷാജി കൈലാസ്, രൺജിപണിക്കർ, നിഥിൻ രൺജി പണിക്കർ എന്നിവരോടൊപ്പം ജഗൻ പ്രവർത്തിച്ചിട്ടുണ്ട്. അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക് ആൽബവും സിജു വിത്സൺ നായകനായി സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. അതേസമയം പ്രിൻസ് ആന്റ് ഫാമിലിക്കുശേഷം തിയേറ്ററിൽ എത്തുന്ന ദിലീപ് ചിത്രം ആണ് ഭ.ഭ.ബ. മാസ് കോമഡി ഗണത്തിൽപ്പെടുന്ന ഭ.ഭ.ബ ബിഗ് ഡിസംബർ 18ന് റിലീസ് ചെയ്യും. ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിൽ അതിഥിവേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലുവർഗീസ്, അശോകൻ, ജി. സുരേഷ്‌കുമാർ, നോബി, സെന്തിൽ കൃഷ്ണ, റെഡിൻ കിംഗ്‌സ്‌ലി, സാന്റി, ഷിൻസ്, ശരണ്യ പൊൻവർണൻ, ധനശ്രീ, ലങ്കാലക്ഷ്‌മി, എന്നിവരാണ് മറ്റു താരങ്ങൾ. താരദമ്പതികളായ ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് തിരക്കഥ. ശ്രീഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.