രാഷ്ട്രീയ, സാമൂഹികനീതി: വെട്ടിനിരത്തി ഈഴവ പ്രാതിനിധ്യം

Wednesday 12 November 2025 2:54 AM IST

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയതോടെ ജനസംഖ്യയിൽ 25 ശതമാനത്തിലേറെ വരുന്ന ഈഴവ സമുദായത്തിന് അർഹതപ്പെട്ട രാഷ്ട്രീയ പ്രാധാന്യവും സാമൂഹിക നീതിയും രാഷ്ട്രീയ കക്ഷികളിൽ നിന്നും മുന്നണികളിൽ നിന്നും ലഭിക്കുമോ എന്ന ആശങ്കയാണുയരുന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം ഇതുസംബന്ധിച്ച ആശങ്ക പലഘട്ടങ്ങളിൽ പങ്കുവച്ചതാണെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോൾ മുന്നണികൾ സാമൂഹിക നീതി നടപ്പാക്കുന്നതിൽ വെള്ളം ചേർക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. കെ.സുധാകരൻ എം.പിയും അദ്ദേഹത്തിന്റെ സമുദായവും കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ നിന്ന് മുച്ചൂടും തഴയപ്പെട്ടുവെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ കഴിഞ്ഞദിവസം പറഞ്ഞത് കേരളത്തിൽ ഈഴവ സമുദായം നേരിടുന്ന രാഷ്ട്രീയ തിരിച്ചടി സസൂക്ഷ്മം വീക്ഷിച്ച് മനസിലാക്കിയ ശേഷമാണെന്ന് വ്യക്തം. കൊച്ചിയിൽ ശ്രീനാരായണ സേവാസംഘത്തിന്റെ എം.കെ രാഘവൻ പുരസ്ക്കാരം കെ.സുധാകരന് സമ്മാനിച്ച ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തുന്നതിനിടെയാണ് സ്വാമി സച്ചിദാനന്ദ ആശങ്ക പങ്കുവച്ചത്. 'കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും മറ്റു പദവികളിൽ നിന്നും കെ.സുധാകരൻ പുറന്തള്ളപ്പെട്ടതിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർ ഖിന്നരാണ്. കേരളത്തിൽ 28 ശതമാനമുള്ള വിഭാഗത്തിൽ നിന്ന് കോൺഗ്രസിന് ഒറ്റ എം.എൽ.എ മാത്രമാണുള്ളതെന്ന് മുമ്പ് രാഹുൽഗാന്ധി ശിവഗിരിയിലെത്തിയപ്പോൾ പറഞ്ഞതാണ്. അന്ന് ഒപ്പമുണ്ടായിരുന്ന കെ.സുധാകരനും ഈ ദുര്യോഗം രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.' സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ആർ. ശങ്കറിന് ശേഷം

ഈഴവ മുഖ്യമന്ത്രി ഇല്ല ഈഴവ സമുദായത്തിൽ നിന്ന് വളരെയേറെ അകന്നതാണ് കോൺഗ്രസിന് സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടിക്ക് കാരണമെന്ന തിരിച്ചറിവ് ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തെ തെല്ലും അലട്ടുന്നില്ല. മുന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ ഏതറ്റംവരെയും പ്രീണിപ്പിക്കുകയാണ് സി.പി.എമ്മിനെപ്പോലെ കോൺഗ്രസും. 1962-ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് കോൺഗ്രസിൽ നിന്ന് ഒരു ഈഴവ മുഖ്യമന്ത്രിയുണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനും വകയില്ല. നിയമസഭയിൽ 41 അംഗങ്ങളുള്ള യു.ഡി.എഫിൽ ഈഴവ സമുദായ പ്രാതിനിദ്ധ്യം ഇപ്പോൾ ഒന്നിൽ മാത്രമായി ഒതുങ്ങുകയാണ്. 1962 സെപ്തംബർ 26ന് മുഖ്യമന്ത്രിയായ ആർ.ശങ്കറിനെ കോൺഗ്രസിലെയും സഖ്യകക്ഷികളിലെയും സവർണ, മതലോബികൾ നടത്തിയ ഗൂഢാലോചനയിലൂടെ താഴെയിറക്കിയ നടപടി കേരള ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. 1964 സെപ്തംബർ 10 വരെ മാത്രമേ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിനായുള്ളു. അതിനുശേഷം കോൺഗ്രസിൽ നിരവധി ഈഴവ നേതാക്കൾ മന്ത്രിമാരായെങ്കിലും ആർക്കും മുഖ്യമന്ത്രി പദവിയിലെത്താനായില്ല. വക്കം പുരുഷോത്തമൻ, വി.എം. സുധീരൻ, വയലാർ രവി, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ എം.എൽ.എ മാരും എം.പി മാരും മന്ത്രിമാരുമൊക്കെ ആയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തെത്തിയ മുല്ലപ്പള്ളിയെയും സുധീരനെയും ഒടുവിൽ കെ.സുധാകരനെയും കോൺഗ്രസുകാർ തന്നെ അവഹേളിച്ച് താഴെ ഇറക്കിയതിനും കേരളം സാക്ഷ്യം വഹിച്ചു. സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയിൽ ഇപ്പോൾ ഈഴവസമുദായക്കാരായ നേതാക്കൾ വിരലിലെണ്ണാവുന്നവർ മാത്രമാണ്. സ്വാമി സച്ചിദാനന്ദ ആശങ്കപ്പെട്ടതുപോലെ ഇനി കോൺഗ്രസ് പാർട്ടിയിൽ നിന്ന് സമുദായത്തിന് അർഹമായ സ്ഥാനങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ വകയില്ല.

പാർട്ടി പുനഃസംഘടനയിലും

വെട്ടിനിരത്തൽ

അടുത്തിടെ പുനഃസംഘടിപ്പിച്ച കോൺഗ്രസിൽ നിന്ന് ഈഴവ സമുദായക്കാരായ നേതാക്കളെ വെട്ടിനിരത്തിയതാണ് അവഗണനയുടെ ഒടുവിലത്തെ എപ്പിസോഡ്. യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമാരായിരുന്ന പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി അനിൽകുമാർ എന്നിവരെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരാക്കിയപ്പോൾ മറ്റൊരു മുൻ പ്രസിഡന്റും ആലപ്പുഴ മുൻ ഡി.സി.സി പ്രസിഡന്റുമായിരുന്ന എം. ലിജുവിനെ 14 വൈസ് പ്രസിഡന്റുമാരിൽ ഒരാളാക്കി തരംതാഴ്ത്തി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് മാറ്റിയാണ് ഈ സ്ഥാനത്തേക്ക് തരംതാഴ്ത്തിയത്. നേരത്തെ രാജ്യസഭയിലേക്ക് ഒഴിവ് വന്നപ്പോൾ എം. ലിജുവിനെ പരിഗണിച്ചെങ്കിലും അവസാനനിമിഷം നടന്ന അട്ടിമറിയിൽ ജെബി മേത്തർക്കാണ് കുറി വീണത്. അടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയാകാൻ നായർ സമുദായക്കാരായ 5 പേരെങ്കിലും കച്ചകെട്ടി നിൽക്കുകയാണ്.

സീറ്റ് നിർണയത്തിലും

വെട്ടിനിരത്തൽ

കേരള രാഷ്ട്രീയത്തിലും ഭരണത്തിലും ഈഴവരുടെ പ്രാതിനിദ്ധ്യം കുറയുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 'നമുക്ക് എത്ര എം.പി മാരും എം.എൽ.എ മാരും ഉണ്ടെന്ന് പരിശോധിക്കണം. നമ്മുടെ എല്ലാ പ്രതാപങ്ങളും നഷ്ടമാകുകയാണ്. ആർ. ശങ്കർ അധികാരത്തിലെത്തിയതുകൊണ്ടാണ് അക്കാലത്ത് നമുക്ക് പലതും ലഭിച്ചത്. പിന്നീട് വന്നവരെല്ലാം അവരുടെ സമുദായത്തിന് മാത്രം നൽകി. ബാക്കിയുള്ളവർക്ക് കിട്ടുന്നതുപോലെ ഈഴവ സമുദായത്തിനും രാഷ്ട്രീയ,സാമൂഹ്യ, വിദ്യാഭ്യാസ നീതി കിട്ടണമെന്ന് പറയുമ്പോൾ എന്നെ വർഗ്ഗീയവാദിയാക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും?' അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പുകളിൽ സീറ്റ് വീതം വയ്ക്കുമ്പോൾ മുമ്പ് ഈഴവ സമുദായത്തിന് ലഭിച്ചിരുന്ന പ്രാതിനിദ്ധ്യത്തിന്റെ നാലിലൊന്ന് പോലും ഇപ്പോൾ ലഭിക്കാതായി. നിയമസഭാ സീറ്റുകളിൽ ഈഴവർക്ക് മുൻതൂക്കമുള്ള മണ്ഡലങ്ങളിൽ പോലും മറ്റു സമുദായക്കാരെ സ്ഥാനാർത്ഥികളാക്കും. എന്നാൽ മറ്റു സമുദായങ്ങൾക്ക് മുൻതൂക്കമുള്ളിടത്ത് ഈഴവ സമുദായാംഗത്തെ പരിഗണിക്കുക പോലുമില്ല. 11 അസംബ്ളി മണ്ഡലങ്ങളുള്ള കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി, ചാത്തന്നൂർ, കുണ്ടറ എന്നിവിടങ്ങളിൽ മുമ്പ് ഈഴവ സ്ഥാനാർത്ഥികളാണ് തുടർച്ചയായി ജയിച്ചിരുന്നത്. ഇന്ന് ഈ സീറ്റുകളെല്ലാം മറ്റു സമുദായങ്ങൾക്ക് തീറെഴുതി നൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിന്റെ നാലിലൊന്ന് സീറ്റിൽ പോലും ഈഴവ വിഭാഗത്തിൽപ്പെട്ടവരെ സ്ഥാനാർത്ഥിയാക്കാറില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നവർക്കും നിരാശപ്പെടാനാകും വിധി. കൊല്ലം കോർപ്പറേഷനിൽ നിർണായക സാന്നിദ്ധ്യമുള്ള ഈഴവ വിഭാഗത്തെ മറന്ന് മുസ്ലിം സമുദാത്തിലെ ഒരാളെ കോൺഗ്രസ് ഭാവി മേയറായി ഉയർത്തിക്കാട്ടുമ്പോൾ അത്ര വലിയ ശക്തിയില്ലാത്ത ലത്തീൻ കത്തോലിക്ക സമുദായാംഗത്തെയാണ് സി.പി.എം ഉയർത്തിക്കാട്ടുന്നത്. കോർപ്പറേഷൻ രൂപീകരിച്ച് 25 വർഷത്തിനിടെ മൂന്നുവർഷം മാത്രമാണ് ഈഴവ സമുദായക്കാരനായ മേയർക്ക് അവസരം ലഭിച്ചത്.

മുന്നാക്ക,

ന്യൂനപക്ഷ പ്രീണനം

സംസ്ഥാനത്തെ ജനസംഖ്യയുടെ 18 ശതമാനത്തോളം മാത്രം വരുന്ന സവർണ സമുദായങ്ങളെയും ന്യൂനപക്ഷങ്ങളെയും രാഷ്ട്രീയമായും അല്ലാതെയും പ്രീണിപ്പിക്കാനാണ് കേരളത്തിലെ എല്ലാ മുൻനിര രാഷ്ട്രീയ കക്ഷികളുടെയും ശ്രമം. അതിനിടയിൽ ഏറ്റവും അവഗണിക്കപ്പെടുന്നത് ഈഴവ സമുദായവും. മുന്നാക്കക്കാർക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണത്തിലൂടെ പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടമായത് രാഷ്ട്രീയമായ വിഹിതം മാത്രമല്ല, അർഹതപ്പെട്ട ജോലിയും പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെ സംവരണവുമാണ്. രണ്ടാം പിണറായി സർക്കാരിൽ നിന്ന് നായർ അടക്കമുള്ള മുന്നാക്ക സമുദായങ്ങൾക്ക് ലഭിച്ച ആനുകൂല്യങ്ങൾ സമാനതയില്ലാത്തതാണ്. കേരളത്തിലെ മന്ത്രിസഭകളുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്തവിധം നായർ സമുദായാംഗങ്ങളായ 9 മന്ത്രിമാരും ചീഫ് വിപ്പും അടക്കം 10 പേർക്കാണ് ഇപ്പോഴത്തെ മന്ത്രിസഭയിൽ പ്രാതിനിദ്ധ്യം. അതായത് മന്ത്രിസഭയുടെ 38 ശതമാനം. എൻ.എസ്.എസ് കാലങ്ങളായി പിന്തുണച്ചിരുന്ന യു.ഡി.എഫ് സർക്കാരുകളിലൊന്നും ഇത്രയും വലിയ പ്രാതിനിദ്ധ്യം നായർ സമുദായത്തിന് ലഭിച്ചിട്ടേയില്ല. എൻ.എസ്.എസ് അടുത്തിടെ എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ വിമർശിക്കുന്നവർ മനസിലാക്കാതെ പോയ കാര്യമാണിത്. ഇനിയൊരു യു.ഡി.എഫ് സർക്കാർ വന്നാലും ഇത്രയും പ്രാതിനിദ്ധ്യം നായർ സമുദായത്തിന് ലഭിക്കില്ല. രാജ്യത്ത് ആദ്യമായി മുന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിനാണ്. നിലവിൽ തന്നെ 90 ശതമാനത്തിലേറെ മുന്നാക്ക വിഭാഗത്തിൽപ്പെട്ടവർ ജോലി ചെയ്യുന്ന ദേവസ്വം ബോർഡുകളിൽ 10 ശതമാനം സാമ്പത്തികസംവരണം കൂടി അനുവദിച്ചതോടെ പിന്നാക്കക്കാർക്കുള്ള അവസരങ്ങൾ നാമമാത്രമായി. മൂന്നാം എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഇനിയും ആനുകൂല്യങ്ങൾ ലഭിക്കുമെന്ന ഉറപ്പ് എൻ.എസ്.എസ് നേതൃത്വത്തിന് ലഭിച്ചതായാണ് വിവരം. എന്നാൽ അത്തരമൊരുറപ്പും ഈഴവ സമുദായത്തിന് ലഭിക്കില്ലെന്ന് മാത്രമല്ല, ഉള്ളതുകൂടി കവർന്നെടുക്കാനുള്ള നീക്കമാകും നടക്കുക.