'എന്റെ കഴുത്ത് വെട്ടാം, എന്നാൽ വോട്ടർപട്ടികയിൽ ജനങ്ങളുടെ പേര് വെട്ടരുത്' ഇലക്ഷൻ കമ്മീഷനോട് മമത ബാനർജി

Tuesday 11 November 2025 8:44 PM IST

കൊൽക്കത്ത: നിലവിലെ എസ്ഐആറിലൂടെ നടക്കുന്ന പ്രവർത്തനങ്ങൾ വോട്ട് ബന്ദിയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. യഥാർത്ഥ വോട്ടർമാരുടെ വോട്ടവകാശം സംരക്ഷിക്കാൻ താൻ ഏതറ്റം വരെയും പോകും. തന്റെ കഴുത്ത് വെട്ടിയാലും യഥാർത്ഥ വോട്ടർമാരുടെ പേര് വെട്ടരുതെന്ന് ഇലക്ഷൻ കമ്മീഷനോട് മമത ബാനർജി പറഞ്ഞു.

എസ്ഐആർ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം. യഥാർത്ഥ വോട്ടർമാർക്ക് അന്തിമപട്ടികയിൽ ഇടം കിട്ടിയില്ലെങ്കിൽ ബീഹാറിൽ നടപ്പാക്കിയത് പോലെ ബംഗാളിൽ നടപ്പാകുമെന്ന് പ്രതീക്ഷിക്കേണ്ട. കാരണം ഓരോ ഘട്ടത്തിലും ‌ഞങ്ങൾ നിങ്ങളെ ചോദ്യം ചെയ്യും. ഇലക്ഷൻ കമ്മീഷൻ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. അല്ലാതെ സർക്കാരിന് വേണ്ടിയുള്ളതല്ല. ഇപ്പോഴുള്ളവർ സർക്കാരിന് വേണ്ടി പ്രവർത്തിക്കുകയാണ്. ബിജെപിയുടെ നിർദേശങ്ങൾ പാലിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കുകയില്ലെന്ന് മമത ബാനർജി പറ‌ഞ്ഞു. നി‌ങ്ങൾക്ക് ജനാധിപത്യം തകർക്കാൻ കഴിയില്ലെന്നും മുഖ്യ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പരാമർശിച്ചുകൊണ്ട് മമത കൂട്ടിച്ചേർത്തു.

ഇതിന് പകരം തന്റെ വോട്ടവകാശം ഇല്ലാതാക്കാം, തന്റെ കഴുത്ത് അറുക്കാം.എന്നാൽ ജനങ്ങളെ പീഡിപ്പിക്കുകയോ അവരുടെ വോട്ടവകാശം ഇല്ലാതാക്കുകയോ ചെയ്യരുത്. നോട്ട് നിരോധനം നോട്ട് ബന്ദിയാണെങ്കിൽ എസ്‌ഐആറും വോട്ട് ബന്ദിയാണ്. കേന്ദ്രസർക്കാർ എസ്‌ഐആറിന്റെ പേരിൽ ജനങ്ങളെ പ്രയാസപ്പെടുത്തുകയാണെന്നും മമത പറഞ്ഞു.