കണ്ണൂർ കോർപറേഷൻ സീറ്റ് വിഭജനം പ്രതിസന്ധിയിൽ; മുൻ ഡി.സി.സി അദ്ധ്യക്ഷന്റെ കത്ത് പുറത്തുവിട്ട് ലീഗ്
കണ്ണൂർ: കൂടുതൽ സീറ്റുകളെന്ന ആവശ്യത്തിൽ മുസ്ലിം ലീഗ് ഉറച്ചുനിന്നതിനെ തുടർന്ന് കണ്ണൂർ കോർപറേഷനിലെ യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചകൾ സ്തംഭിച്ചു. വാരം ഡിവിഷൻ വാഗ്ദാനം ചെയ്യുന്ന മുൻ ഡി.സി.സി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ ഒപ്പോടുകൂടിയ കത്ത് പരസ്യമാക്കി ലീഗ് നേതൃത്വം രംഗത്തുവന്നത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
അതെ സമയം വാരം ഡിവിഷൻ നൽകുമ്പോൾ തത്തുല്യമായ മറ്റൊരു സീറ്റ് പകരം നൽകണമെന്നായിരുന്നു കത്തിലെ വ്യവസ്ഥയെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.സീറ്റ് വിഭജനത്തിൽ നിലവിലെ സ്ഥിതി തുടരണമെന്നാണ് കെ.പി.സി.സി നേതൃത്വം ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് നൽകിയ നിർദേശം. ലീഗും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ സീറ്റ് വിഭജന പ്രശ്നം കൂടുതൽ സങ്കീർണമാകുകയാണ്.യു.ഡി.എഫിലെ രണ്ട് പ്രധാന കക്ഷികൾ തമ്മിലുള്ള ഈ അഭിപ്രായവ്യത്യാസം വരും ജയസാദ്ധ്യതകളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നേതൃത്വതല ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.