തൊഴുത്ത് സ്മാർട്ടാക്കാൻ 'റോബോട്ടിക് ഫാം ക്ലീനിംഗ്"

Tuesday 11 November 2025 9:54 PM IST

കണ്ണൂർ: തൊഴുത്ത് വൃത്തിയോടെ സൂക്ഷിക്കുന്നതിന് റോബോട്ടിംഗ് ഫാം ക്ളീനർ ഒരുക്കി നാല് എൻജിനിയറിംഗ് വിദ്യാർത്ഥികൾ. തലശ്ശേരി എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർത്ഥികളായ കെ.കെ. ഹരിശ്ചന്ദ്, ആരോൺ ബോഷ്, മെക്കാനിക്കൽ എൻജിനയറിംഗ് അവസാന വർഷ വിദ്യാർത്ഥി ഫാദിൽ ഹമീം, മെക്കാനിക്കൽ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയ അമൽ എസ്.രാജ് എന്നിവരടങ്ങുന്ന ടീമാണ് റോബോട്ടിക് മെഷീൻ രൂപകൽപ്പന ചെയ്തത്. സ്റ്റാഫ് കോഓർഡിനേറ്റർ ഡോ.പി. ഉമേഷിന്റെ മാർഗനിർദ്ദേശത്തിൽ ഒന്നരവർഷത്തെ അദ്ധ്വാനം കൊണ്ടാണ് സംഘം റോബോട്ട് വികസിപ്പിച്ചത്.

വേങ്ങാട്ടെ ഒരു ചെറുകിട ഫാമിൽ യന്ത്രത്തിന്റെ പ്രാഥമിക പരീക്ഷണം വിജയകരമായി പൂർത്തിയായി. വ്യാവസായികാടിസ്ഥാനത്തിൽ വൻതോതിൽ നിർമ്മാണം ആരംഭിച്ചാൽ 40,000 മുതൽ 60,000 രൂപ വരെ ചെലവിൽ റോബോട്ട് ഒരുക്കാനാകുമെന്നാണ് വിദ്യാർത്ഥികളുടെ കണക്കുകൂട്ടൽ. ചെറുകിട ഇടത്തരം കാലിവളർത്തൽ ഫാമുകൾക്ക് താങ്ങാനാവുന്ന വിലയിൽ മെഷീൻ ഒരുക്കുകയാണ് ലക്ഷ്യം.

സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലയിൽ റോബോട്ടിക് കമ്പനി നടത്തിവരുന്ന അമൽ എസ്.രാജിന്റെ പ്രായോഗിക പരിജ്ഞാനം ഈ റോബോട്ടിന്റെ നിർമ്മാണത്തിന് പിന്നിലുണ്ട്. ഈ കമ്പനിയുടെ ഒരു യൂണിറ്റ് കോളേജിൽ വിദ്യാർത്ഥികളുടെ പരീശിലനകേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്.

ലീഡാർ നാവിഗേഷൻ സാങ്കേതികവിദ്യ

അത്യാധുനിക ലിഡാർ നാവിഗേഷൻ സാങ്കേതികവിദ്യയിലാണ് റോബോട്ടിക് യന്ത്രം നിർമ്മിച്ചിരിക്കുന്നത്.ആധുനിക നാവിഗേഷൻ സിസ്റ്റങ്ങളുടെ ജീവരക്തമെന്ന് വിളിക്കപ്പെടുന്നതാണ് ലിഡാർ എന്ന ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് സാങ്കേതികവിദ്യ. ഫാമിലെ തടസ്സങ്ങൾ തിരിച്ചറിഞ്ഞ് സ്വയം സഞ്ചരിക്കാൻ റോബോട്ടിന് കഴിയും. ചാണകം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മുന്നോട്ടുനീക്കി ഫാമിലെ പ്രതലത്തിൽ തയ്യാറാക്കിയ കുഴിയിൽ നിക്ഷേപിക്കും.ഫാമുകളിൽ സ്ഥിരമായ ശുചിത്വം ഉറപ്പുവരുത്തി കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ മെഷീൻ സഹായിക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു.

പിന്തുണച്ച് ജില്ലാപഞ്ചായത്ത് കാർഷിക യന്ത്രവത്കരണ ഗവേഷണ പ്രോത്സാഹനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 2,23,000 രൂപയുടെ സഹായം ഗവേഷണത്തിന് വലിയ പിന്തുണയായി.