'കാണാൻ വന്നതിൽ സന്തോഷം എന്നാൽ വോട്ടില്ല, ആശംസയും' പൂജപ്പുര രാധാകൃഷ്ണനോട് എ.കെ. ആന്റണി

Wednesday 12 November 2025 1:21 AM IST

തിരുവനന്തപുരം: ''എന്നെ കാണാൻ വന്നതിൽ സന്തോഷം. എന്നാൽ, വോട്ട് നൽകാനാവില്ല''. തന്റെ വസതിയിലെത്തി വോട്ടഭ്യർത്ഥിച്ച തിരുവനന്തപുരം കോർപ്പറേഷൻ ജഗതി വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നടനുമായ പൂജപ്പുര രാധാകൃഷ്ണനോട് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ സൗമ്യമായ മറുപടി. നടനായ പൂജപ്പുര രാധാകൃഷ്ണനെ ഇഷ്ടമാണെങ്കിലും ആശംസിക്കാൻ കഴിയില്ലെന്നും ആന്റണി.

കോൺഗ്രസുകാരനായതു കൊണ്ടാണ് എ.കെ. ആന്റണി അനുഗ്രഹിക്കാത്തതെന്ന് മാദ്ധ്യമങ്ങളോട് രാധാകൃഷ്ണന്റെ ചിരിയോടെയുള്ള പ്രതികരണം. എങ്കിലും ഇതെല്ലാം ഇഷ്ടമാണ്. ജനാധിപത്യമല്ലേ. തനിക്ക് രാഷ്ട്രീയ ശത്രുക്കളില്ല. എതിരാളികൾ മാത്രമേയുള്ളൂ. ആരോഗ്യകരമായ മത്സരത്തിൽ ഇത്തരം സന്തോഷങ്ങൾ വേണമെന്നും പറഞ്ഞാണ് രാധാകൃഷ്ണൻ മടങ്ങിയത്. കേരള കോൺഗ്രസ് ബി സ്ഥാനാർത്ഥിയാണ് പൂജപ്പുര രാധാകൃഷ്ണൻ.

ഇന്നലെ രാവിലെയാണ് വഴുതയ്ക്കാട് ഈശ്വരവിലാസം റോഡിലെ എ.കെ. ആന്റണിയുടെ 'അഞ്ജനം' വീട്ടിൽ പൂജപ്പുര രാധാകൃഷ്ണൻ പ്രവർത്തകർക്കൊപ്പം എത്തിയത്. സ്ഥാനാർത്ഥിയെ വീട്ടിലേക്ക് ആന്റണി ഹൃദ്യമായി സ്വീകരിച്ചു. ആന്റണിയുടെ കാലിൽതൊട്ട് രാധാകൃഷ്ണൻ അനുഗ്രഹം തേടി.

എ.കെ. ആന്റണിയെ കണ്ട് മടങ്ങിയതിന് പിന്നാലെ ശാസ്തമംഗലത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖയെ വഴിയിൽ കണ്ടപ്പോൾ കുശലാന്വേഷണം നടത്തിയ പൂജപ്പുര രാധാകൃഷ്ണൻ തുടർന്ന് പ്രചാരണത്തിരക്കിലേക്ക് നീങ്ങി.