ജില്ലയിൽ കർശന പരിശോധന

Wednesday 12 November 2025 1:37 AM IST

ആലപ്പുഴ : ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ സുരക്ഷാപരിശോധന ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നലെ വ്യാപക പരിശോധന നടന്നിരുന്നു.

ജില്ലയിൽ ആളുകൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളായ ആലപ്പുഴ, ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്രാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങിലാണ് ഇന്നലെ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഡൽഹിയിൽ സ്ഫോടനം നടന്ന തിങ്കളാഴ്ച ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ആലപ്പുഴ, ചേർത്തല, മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ റെയിൽവേ സ്റ്രേഷനുകൾ, ബസ് സ്റ്റാൻഡുകൾഎന്നിവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ശക്തമായ പരിശോധനയുണ്ടാകും.