ദേശീയപാത നവീകരണം 'പൊടി' പൊടിക്കുന്നു

Wednesday 12 November 2025 1:39 AM IST

ആലപ്പുഴ: ദേശീയപാത നവീകരണം യാത്രക്കാരെയും നാട്ടുകാരെയും ശ്വാസകോശ രോഗികളാക്കിക്കൊണ്ട് 'പൊടി' പൊടിക്കുകയാണ്. ദിവസേന ആയിരക്കണക്കിന്

വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിൽ നാലുപാടും വ്യാപിക്കുന്ന പൊടി ഇരുചക്രവാഹനക്കാരെയും കാൽനടക്കാരെയുമാണ് കൂടുതൽ ദുരിതത്തിലാക്കുന്നത്. ഇതോടെ തുമ്മൽ, ജലദോഷം, വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ തുടങ്ങിയവയുമായി ആശുപത്രികളിലെത്തുന്നവരുടെയും എണ്ണവും കൂടിയിട്ടുണ്ട്. മഴ മാറിയതോടെയാണ് പൊടിശല്യം രൂക്ഷമായത്.

മുമ്പ് നിർമ്മാണസ്ഥലങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിച്ച് കരാർ കമ്പനി തളിക്കുമായിരുന്നു.എന്നാൽ,​ അടുത്തകാലത്തായി ഇത് നടക്കുന്നില്ല.

അതത് സ്ഥലത്തെ വ്യാപാരികളാണ് റോഡിൽ വെള്ളം തളിച്ച് പൊടിശല്യം കുറയ്ക്കാൻ ഇപ്പോൾ ശ്രമിക്കുന്നത്.വഴിയോരത്തെ വീടുകളും വ്യാപാരസ്ഥാപനങ്ങളും പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചാണ് ഒരുപരിധി വരെ പൊടിയിൽ നിന്ന് രക്ഷതേടുന്നത്. ഉയരപ്പാത നിർമ്മാണം നടക്കുന്ന അരൂർ, അമ്പലപ്പുഴ, കരുവാറ്റ, ഹരിപ്പാട്, കായംകുളം, ഓച്ചിറ തുടങ്ങി സ്ഥലങ്ങളിലാണ് പൊടിശല്യം രൂക്ഷമാണ്.

യാത്രക്കാരെ രോഗികളാക്കും

1.വഴിയോര ഭക്ഷണ കച്ചവടക്കാരെയാണ് പൊടിശല്യം ഏറ്റവും കൂടുതൽ തകർത്തത്.എത്ര മറ കെട്ടിയാലും പൊടി പറന്നെത്തും.ഇത്തരം ഭക്ഷണം വേണ്ടെന്ന് വച്ചതോടെ വാങ്ങാനും കഴിക്കാനും ആളില്ലാത്ത അവസ്ഥയാണ്

2. പലയിടങ്ങളിലും സർവീസ് റോഡുകൾ പൂർണമായും ടാർ ചെയ്തിട്ടില്ല. ലോറി,ബസ് തുടങ്ങിയ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കണ്ണുകാണാൻ കഴിയാത്ത വിധം പൊടി പറക്കും.വാഹനങ്ങളുടെ എണ്ണം കുറവുള്ള വെളുപ്പിനും രാത്രിയിലും പോലും രക്ഷയില്ല

3.നിർമ്മാണം നടക്കുന്ന പ്രദേശത്ത് കൃത്യമായ ഇടവേളകളിൽ വെള്ളം തളിച്ച് പൊടിശല്യം കുറയ്ക്കുന്നതിന് കരാർ കമ്പനിക്ക് കർശന നിർദ്ദേശം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

4.പൊതുജലാശയങ്ങളിൽ നിന്നടക്കം വെള്ളം ശേഖരിച്ച് റോഡിൽ തളിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയാൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് മാത്രമല്ല,​ ശ്വാസകോശ രോഗങ്ങളിൽ നിന്ന് നാട്ടുകാർക്ക് രക്ഷപ്പെടുകയും ചെയ്യാം

പൊടിശല്യം വിവിധ ശ്വാസകോശ അസുഖങ്ങൾക്ക് കാരണമാകും. ആസ്മ, ന്യുമോണിയ എന്നിവയുള്ളവർക്ക് അത് വർദ്ധിക്കും.സി.പി.ഒ.ഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസീസ് )​ എന്ന അസുഖം വരാനും സാദ്ധ്യതയുണ്ട്. യാത്രക്കാർ മാസ്ക് ധരിക്കുന്നതും വീട്ടുകാർ ജനാലകൾ അടച്ചിടുന്നതുംനല്ലതാണ്

- ഡോ.കെ.വേണുഗോപാൽ,​ ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ്