അദ്ധ്യാപകനെതിരെ കലാമണ്ഡലം വിദ്യാർത്ഥികളുടെ പരാതിയിൽ പോക്സോ കേസ്

Wednesday 12 November 2025 12:53 AM IST

ചെറുതുരുത്തി : കലാമണ്ഡലത്തിൽ കൂടിയാട്ടം വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പരാതിയിൽ അദ്ധ്യാപകനെതിരെ ചെറുതുരുത്തി പൊലീസ് പോക്‌സോ വകുപ്പ് ചേർത്ത് കേസെടുത്തു. കലാമണ്ഡലം കൂടിയാട്ടം അദ്ധ്യാപകനായ ദേശമംഗലം സ്വദേശി കൊല്ലൂർക്കാവിൽ കനക കുമാറിനെതിരെയാണ് കഴിഞ്ഞദിവസം ആറ് വിദ്യാർഥികൾ വൈസ് ചാൻസലർക്ക് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയും പരാതി ചെറുതുരുത്തി പൊലീസിന് കൈമാറുകയും ചെയ്തു. ചെറുതുരുത്തി പൊലീസ് വിദഗ്ദ്ധ അന്വേഷണത്തിന് ശേഷം കുട്ടികളുടെ മൊഴിയെടുത്ത് കേസെടുത്തു. ക്ലാസെടുക്കുന്ന സമയത്ത് രണ്ട് വിദ്യാർത്ഥികളെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ സ്പർശിച്ചതായും ബോഡി ഷേമിംഗ് നടത്തിയതായും മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ ചെറുതുരുത്തി പൊലീസ് പോക്‌സോ വകുപ്പ് ഉൾപ്പെടുത്തി കേസെടുത്തു. അദ്ധ്യാപകൻ ക്ലാസിൽ മദ്യപിച്ചു വരുന്നതായും വിദ്യാർത്ഥികളെ ശാരീരികമായി മാനസികമായും പീഡിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. തിങ്കളാഴ്ച രാത്രിയോടെ വിദ്യാർത്ഥികളുടെ മൊഴിയെടുത്ത് ചൊവ്വാഴ്ച പുലർച്ചെ കേസ് രജിസ്റ്റർ ചെയ്തു. അദ്ധ്യാപകനായുള്ള തെരച്ചിൽ ആരംഭിച്ചെന്നും അദ്ധ്യാപകൻ ഒളിവിലാണെന്നും ചെറുതുരുത്തി പൊലീസ് അറിയിച്ചു.