'ഉദ്ഘാടനം രാഷ്ട്രീയ നാടകം'
Wednesday 12 November 2025 12:22 AM IST
തൃശൂർ: പാർക്കിന്റെ ഉദ്ഘാടനം നടത്തിയത് തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള രാഷ്ട്രീയ നാടകമാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ആരോപിച്ചു. സെൻട്രൽ അതോറിറ്റി പാർക്കിന് നൽകിയ താൽക്കാലിക പെർമിറ്റിന്റെ കാലാവധി 2024 മേയ് 20ന് കഴിഞ്ഞിട്ടുള്ളതാണെന്ന് തനിക്ക് ലഭിച്ച വിവരാവകാശ മറുപടിയിലുണ്ട്. സെൻട്രൽ അതോറിറ്റി താൽക്കാലിക പെർമിറ്റ് നൽകിയപ്പോൾ നിർദ്ദേശിച്ചിരുന്ന 26ഓളം കാര്യങ്ങളിൽ ഭൂരിപക്ഷവും നടപ്പിലാക്കാത്തതിനാലാണ് പാർക്കിന് സ്ഥിരമായ അനുമതി ലഭിക്കാതിരുന്നത്. തൃശൂർ മൃഗശാലയിൽ നിന്ന് മുഴുവൻ മൃഗങ്ങളേയും മാറ്റുവാൻ സാധിക്കാതെയും പൊതുജനങ്ങൾക്ക് പാർക്കിലേയ്ക്ക് പ്രവേശനം നൽകാതെയും നടത്തിയ ഉദ്ഘാടനം പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചു.