ശബരിമല സ്വർണക്കൊള്ള: എൻ. വാസു അകത്തായി

Wednesday 12 November 2025 1:52 AM IST

തിരുവനന്തപുരം/പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും രണ്ടുവട്ടം ദേവസ്വം കമ്മിഷണറുമായിരുന്ന എൻ. വാസു അറസ്റ്റിലായതോടെ ശബരിമല സ്വർണക്കവർച്ചയിൽ ഉന്നതന്മാർ കുടുങ്ങുമെന്നതിന് മണിമുഴക്കമായി. സ്വർണക്കൊള്ളയ്ക്കു പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് ഹൈക്കോടതി നി‌ർദ്ദേശം. ശ്രീകോവിലിലെ കട്ടിളപ്പടി പൊതിഞ്ഞിരുന്ന സ്വർണം കവർന്ന കേസിൽ മൂന്നാം പ്രതിയണ് വാസു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ രണ്ടാംവട്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇന്നലെ രാത്രി 7.10ന് പത്തനംതിട്ട ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിലെത്തിച്ച വാസുവിനെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

അനാരോഗ്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിനുമുന്നിൽ ഹാജരാകുന്നതിൽ നിന്നൊഴിഞ്ഞെങ്കിലും നിർബന്ധപൂർവം വിളിച്ചുവരുത്തുകയായിരുന്നു. വാസുവിന്റെ പങ്കിനെക്കുറിച്ച് പരമാവധി തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു നടപടി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള കട്ടിള, സ്വർണം പൊതിഞ്ഞതാണെന്ന് 2019 ഫെബ്രുവരി 16ന് എക്സിക്യുട്ടീവ് ഓഫീസർ ബോർഡിന് നൽകിയ കത്തിലുണ്ടായിരുന്നു. ഇത് തിരുത്തി ചെമ്പുപാളികൾ എന്നാക്കി. ഇതാണ് വാസുവിന് കുരുക്കായത്.

സ്വർണം പൊതിഞ്ഞ കട്ടിള ചെമ്പെന്ന പേരിൽ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചതിലെ ഗൂഢാലോചനയിൽ നിർണായക പങ്കാണ് വാസുവിനുള്ളതെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പാളികൾ പോറ്റിക്ക് കൈമാറാൻ ബോർഡ് തീരുമാനിച്ചത് വാസുവിന്റെ ശുപാർശയിലാണ്. 2019 ഫെബ്രുവരി 26ന് വാസു നൽകിയ കത്ത് അംഗീകരിച്ചാണ് മാർച്ച് 19ലെ ബോർഡ്‌യോഗം പോറ്റിയുടെ കൈയിൽ പാളികൾ കൊടുത്തുവിടാൻ തീരുമാനിച്ചത്. ഇതുപ്രകാരം ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വ‌ർണപ്പാളികൾ കടത്തിയത്. ശബരിമലയിലെ സ്വർണപ്പാളികൾ ആദ്യമായി ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്ന് ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണെന്നാണ് കണ്ടെത്തൽ. പിന്നീട് ദ്വാരപാലക ശില്പപാളികളുടെ കാര്യത്തിലും ഇതേ തട്ടിപ്പ് ആവർത്തിച്ചു.

 തെളിവായി ഇ-മെയിൽ, കുരുക്കായി മൊഴി

ബോർഡ് പ്രസിഡന്റായിരുന്ന വാസുവിന് 2019 ഡിസംബർ 9ന് പോറ്റി അയച്ച ഇ-മെയിലും നിർണായകമായി. സ്വർണം പൂശിയ ശേഷം ബാക്കിയായ സ്വർണം സാധുവായ പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ അനുമതി തേടിയായിരുന്നു പോറ്റിയുടെ ഇ-മെയിൽ. ഇത് ഒരു സംശയവും ഉന്നയിക്കാതെ വാസു തുടർനടപടികൾക്കായി അയച്ചു. പ്രസിഡന്റിന്റെ അനുമതിയല്ല, ഉപദേശം തേടിയാണ് പോറ്റി ഇ-മെയിൽ അയച്ചതെന്നും സന്നിധാനത്തെ സ്വർണമാണിതെന്ന് കരുതിയിരുന്നില്ലെന്നുമുള്ള വാസുവിന്റെ വിശദീകരണം എസ്.ഐ.ടി തള്ളി.

പോറ്റിയുടെ ചെലവിൽ സ്വർണം പൂശാനാണ് ബോർഡുമായുള്ള കരാറെന്നും ഈ സ്വർണത്തിന്റെ ബാക്കി എന്തു ചെയ്യണമെന്നു ചോദിച്ചതായാണ് കരുതിയതെന്നുമാണ് വാസു മൊഴി നൽകിയത്. ഇ-മെയിൽ പ്രിന്റെടുത്ത് അതിനു മുകളിൽ ‘തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെയും അഭിപ്രായം വാങ്ങുക’ എന്ന് എഴുതി തിരിച്ചു നൽകി. അതിൽ എന്ത് നടപടിയുണ്ടായെന്ന് അറിയില്ലെന്നും വാസു മൊഴി നൽകി. ഇത് കള്ളമാണെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ.

'സ്വർണം ചെമ്പാക്കിയത് വാസു"

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാക്കിയത് അന്നത്തെ ദേവസ്വം കമ്മിഷണറായിരുന്ന എൻ. വാസുവാണെന്ന് റിമാൻഡ് റിപ്പോർട്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി കൈമാറാൻ വാസു ഇടപെടൽ നടത്തി. മൂന്നാം പ്രതിയായ വാസുവിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

അതേസമയം കേ​സി​ൽ​ ​റി​മാ​ൻ​ഡി​ലാ​യ​തോ​ടെ​ ​നി​ർ​വി​കാ​ര​നാ​യി​ ​ത​ല​കു​നി​ച്ചാ​ണ് ​എ​ൻ.​ ​വാ​സു​ ​കോ​ട​തി​യി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യ​ത്.​ ​

റി​മാ​ൻ​ഡ് ​ചെ​യ്തെ​ന്ന് ​അ​റി​യി​ച്ച​പ്പോ​ൾ​ ​മൗ​നി​യാ​യി​ ​ത​ല​കു​നി​ച്ചു.​ ​കൊ​ട്ടാ​ര​ക്ക​ര​ ​ജ​യി​ലി​ലേ​ക്ക് ​പോ​കാ​ൻ​ ​പൊ​ലീ​സ് ​വ​ല​യ​ത്തി​ൽ​ ​പു​റ​ത്തേ​ക്കി​റ​ങ്ങി.​ ​എ​ന്തെ​ങ്കി​ലും​ ​പ​റ​യാ​നു​ണ്ടോ​ ​എ​ന്ന​ ​മാ​ദ്ധ്യ​മങ്ങളുടെ​ ​ചോ​ദ്യ​ത്തി​ന് ​ഒ​ന്നും​ ​പ​റ​യാ​നി​ല്ലെ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​