ധർമ്മേന്ദ്രയുടെ ആരോഗ്യ നിലയിൽ പുരോഗതി
മുംബയ്: ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്രയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം അന്തരിച്ചെന്ന് വാർത്തകൾ പരന്നതോടെ മകൾ ഇഷ ഡിയോൾ നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇഷ സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർത്ഥിച്ച അവർ അദ്ദേഹത്തിന്റെ മടങ്ങിവരവിനുവേണ്ടി പ്രാർത്ഥിക്കുന്നവരോട് നന്ദി അറിയിച്ചു. ഈ സന്ദർഭത്തിൽ നിരുത്തരവാദപരമായ സമീപനമുണ്ടാകരുതെന്ന് ധർമ്മേന്ദ്രയുടെ ഭാര്യയും നടിയും എം.പിയുമായ ഹേമമാലിനി പ്രതികരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൻ സണ്ണി ഡിയോളും അറിയിച്ചു.
വ്യാജ വാർത്തയിൽ വീണ് പ്രമുഖരും
ഇന്നലെ രാവിലെയാണ് ധർമ്മേന്ദ്ര അന്തരിച്ചെന്ന വാർത്ത പരന്നത്. പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി പ്രമുഖർ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. കുറച്ചു ദിവസങ്ങളായി മുബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ് 89കാരനായ ധർമ്മേന്ദ്ര. തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങൾക്കുപുറമേ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരുൾപ്പെടെ ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.