മണ്ഡലകാലം അടുത്തതോടെ കോഴിവില താഴേക്ക്

Wednesday 12 November 2025 1:22 AM IST

കിളിമാനൂർ: മണ്ഡലകാലം അടുത്തതോടെ കോഴിവില കുറഞ്ഞുതുടങ്ങി. നടതുറക്കുമ്പോൾത്തന്നെ ശബരിമല ദർശനം നടത്തുന്നതിനായി ധാരാളം പേർ വ്രതമെടുത്ത് തുടങ്ങിയതാണ് മണ്ഡലകാലത്തിന് മുമ്പേ കോഴിവില കുറയാൻ കാരണം. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് കിലോയ്ക്ക് ഇപ്പോൾ 20രൂപയിലധികം കുറഞ്ഞു.

ക്രിസ്മസ് വരെ വിലക്കുറവ് തുടരുമെന്നാണ് കോഴിക്കർഷകർ പറയുന്നത്. തീറ്റയ്ക്ക് വില കൂടിയതും വൈദ്യുതി ചാർജ് വർദ്ധനയും കാരണം കോഴിവളർത്തലും കുറഞ്ഞിട്ടുണ്ട്. കോഴികളെ 45 ദിവസത്തേക്കാണ് വളർത്തുന്നത്. 33 മുതൽ 35 ദിവസം വരെ വളർച്ചയെത്തുന്ന കോഴികളെയാണ് ഇറച്ചിയാക്കി ഹോട്ടലുകളിലെത്തിക്കുന്നത്.

കോഴി വില - 120

ഇറച്ചി വില- 220

കുഞ്ഞുങ്ങൾക്ക് ഡിമാന്റ്

കോഴിക്കുഞ്ഞുങ്ങളുടെ വില ക്രമാതീതമായി വർദ്ധിക്കുകയാണ്. ഇനി വരാനുള്ള മാർക്കറ്റ് പ്രതീക്ഷിച്ചാണ് വില കൂട്ടുന്നത്. ഒരു കോഴിക്കുഞ്ഞിന് 30-33 രൂപയാണ് നിലവിലെ വില. ഒരുമാസം മുമ്പ് ഇത് 22-25 ആയിരുന്നു. ക്രിസ്മസ് കച്ചവടം പ്രതീക്ഷിച്ച് കർഷകർ കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ തുടങ്ങിയതാണ് വിലക്കയറ്റത്തിന് കാരണം.

കോഴി വിഭവങ്ങൾക്ക്

പ്രത്യേക കണക്ക്

ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ തുടങ്ങിയവയ്ക്ക് രണ്ടു കിലോയോളം വരുന്ന കോഴികളെയാണ് വേണ്ടത്. ഷവായി പോലുള്ള വിഭവങ്ങൾക്ക് അതിലും കൂടുതൽ ആവശ്യമാണ്. ഷവർമ്മ തയ്യാറാക്കുന്നതിനാണ് ഏറ്റവും തൂക്കമുള്ള കോഴികളെ വേണ്ടിവരുന്നത്. എന്നാൽ അൽഫാം,കുഴിമന്തി എന്നിവയ്ക്കായി ഉപയോഗിക്കുന്ന കോഴികൾക്ക് 33 ദിവസം കഴിയാൻ പാടില്ല. എണ്ണ ഉപയോഗിക്കാതെ വേവിക്കുന്നതിന് ഇതാണ് പാകമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.