കേരളം കാണാനെത്തുന്ന ടൂറിസ്റ്റുകൾക്ക് ഫിറോസും കൂട്ടരും പാക്കറ്റിലാക്കി വിറ്റിരുന്നത് മാരക ലഹരി, പിടിയിൽ
ആലപ്പുഴ: നഗരത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നവർ സൗത്ത് പൊലീസിന്റെ പിടിയിലായി. പ്രധാന വിനോദസഞ്ചാര മേഖലകളായ ആലപ്പുഴ ബീച്ച്, പുന്നമട ഫിനിഷിംഗ് പോയിന്റ് എന്നീ ഭാഗങ്ങളിൽ കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തിവന്നിരുന്ന സിവിൽ സ്റ്റേഷൻ വാർഡിൽ, കാദർ പറമ്പിൽ ഫിറോസ് (38), ആറാട്ടുവഴി കനാൽ വാർഡ് പുതുവൽ പുരയിടത്തിൽ സിദ്ദിഖ് (32), പുന്നപ്ര തെക്ക് പഞ്ചായത്ത് 12ാം വാർഡിൽ ആലുംമൂട് അനീഷ് (35), വട്ടയാൽ വാർഡിൽ അഷ്‌കർ കോട്ടേജിൽ മുഹമ്മദ് അഷ്‌കർ (38), ആലിശ്ശേരി വാർഡിൽ പുത്തൻപുരയിൽ സനീഷ് ബഷീർ റാവുത്തർ (45) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് 12. 30ന് രണ്ടര കിലോഗ്രാമോളം കഞ്ചാവുമായി ആലപ്പുഴ ഇരുമ്പു പാലത്തിന് സമീപത്തു നിന്ന് പൊലീസ് പിടികൂടിയത് . ആലപ്പുഴ നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടർന്ന് ആലപ്പുഴ സൗത്ത് സി.ഐ വി.ഡി.റെജിരാജിന്റെ നിർദ്ദേശാനുസരണം പ്രിൻസിപ്പൽ എസ്.ഐ പി.ആർ.രാജീവും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവിനൊപ്പം, കഞ്ചാവ് പായ്ക്ക് ചെയ്യുന്നതിനുള്ള ചെറിയ പ്ലാസ്റ്റിക്ക് കവറുകൾ, ഇലക്ട്രോണിക്ക് വെയിംഗ് മെഷീൻ എന്നിവയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ്.ഐമാരായ രാജേഷ്, ജയേന്ദ്രമേനോൻ, എ.എസ്.ഐ രതീഷ് ബാബു, സീനിയർ സി.പി.ഒമാരായ പി.വിനു, സജു സത്യൻ, എസ്.സജീഷ്, ഫിറോസ് , ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെ സേനാംഗങ്ങൾ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.