അതിയന്നൂരിലെ തെങ്ങുകളിൽ രോഗബാധ കർഷകർ ആശങ്കയിൽ

Wednesday 12 November 2025 1:46 AM IST
അതിയന്നൂരിലെ തെങ്ങുകളിൽ രോഗബാധ;കർഷകർ ആശങ്കയിൽ

നെയ്യാറ്റിൻകര: അതിയന്നൂരിൽ തെങ്ങിനെ ബാധിക്കുന്ന രോഗങ്ങൾ വർദ്ധിക്കുന്നു. ഓല മഞ്ഞളിച്ച് തുടങ്ങുകയും പിന്നീട് ഓലപ്പൊളി ഉണങ്ങി ഈർക്കിൽ മാത്രം അവശേഷിക്കുകയും ചെയ്യുന്ന ലക്ഷണങ്ങളാണ് പൊതുവെ കാണപ്പെടുന്നത്. വേനൽക്കാലത്ത് തെങ്ങുകൾ പൂർണമായി ഉണങ്ങി നശിക്കുന്നതും കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വേരുകൾ അഴുകിപ്പോകുകയും കായ്ഫലം കുറഞ്ഞുവരികയും ചെയ്യുന്നത് ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ തെങ്ങുകൾ ഒന്നാകെ രോഗത്തിന്റെ പിടിയിലാണ്. തേങ്ങയുടെ അകക്കാമ്പ് ശുഷ്കിക്കുമ്പോഴാണ് കർഷകർ രോഗത്തിന്റെ തീവ്രതയെക്കുറിച്ച് ബോധവാന്മാരാകുന്നത്. ഒരു തെങ്ങിൽ രോഗം ബാധിക്കുന്നതോടെ മഞ്ഞളിപ്പ് സമീപത്തെല്ലാം പടർന്ന് തെങ്ങുകൾ കൂട്ടത്തോടെ നശിച്ചുപോകുന്ന അവസ്ഥയിലാണ്.

ഉത്പാദനം കുറയുന്നു

രോഗബാധയേറ്റ തെങ്ങുകളിൽ നിന്നുള്ള ഉത്പാദനം കുറഞ്ഞതോടെ നാട്ടിൽ തേങ്ങയുടെ ലഭ്യത കുറഞ്ഞുവരികയാണ്. ഒരുകാലത്ത് തെങ്ങ് കൃഷിയിലൂടെ മികച്ച വരുമാനം ലഭിച്ചിരുന്ന അതിയന്നൂരിൽ ഇപ്പോൾ ഭക്ഷണ ആവശ്യത്തിനായി തേങ്ങ വാങ്ങേണ്ടിവരുന്ന അവസ്ഥയാണുള്ളത്. നാട്ടിൽ ഉത്പാദനം കുറഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങ വിപണിയിൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. മിച്ചമുള്ള തേങ്ങ എണ്ണയാക്കി ഉപയോഗിച്ചിരുന്ന പഴയ പതിവുകളും മാഞ്ഞുപോകുകയാണ്.

പഞ്ചായത്ത് പ്രമേയം പാസാക്കി

തെങ്ങ് രോഗത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താൻ വിദഗ്ദ്ധ സമിതിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് അതിയന്നൂർ പഞ്ചായത്ത് പ്രമേയം പാസാക്കി. തെങ്ങ് രോഗത്തെ ശാസ്ത്രീയമായി വിലയിരുത്താൻ കാർഷിക കോളേജിലെ ശാസ്ത്രജ്ഞരെ അതിയന്നൂരിൽ നിയോഗിക്കണമെന്നും രോഗത്തിന്റെ കാരണം കണ്ടെത്തി ഫലപ്രദമായ പ്രതിരോധമാർഗങ്ങൾ രൂപപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

പ്രശ്നം രൂക്ഷം

രോഗം തിരിച്ചറിയാനും പ്രതിരോധമരുന്നോ വളപ്രയോഗമോ എങ്ങനെ ചെയ്യണമെന്നതിനെക്കുറിച്ച് കർഷകർക്ക് വ്യക്തതയില്ലെന്നതുമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം.

അതിയന്നൂർ പഞ്ചായത്ത് കാർഷിക കോളേജിന്റെ പ്രവർത്തനപരിധിയിലായിട്ടും ഇതുവരെ ഗവേഷണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. അതിനാൽ തെങ്ങുകൃഷി സംരക്ഷിക്കുകയും ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനായി ബാലരാമപുരം തെങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനം അതിയന്നൂർ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.