പുതിയ വെല്ലുവിളി 'വൈറ്റ് കോളർ ഭീകരത'

Wednesday 12 November 2025 1:07 AM IST

ന്യൂഡൽഹി: ഭീകരവാദ ബന്ധം സംശയിച്ച് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതും പിന്നാലെ ഡൽഹിയിലുണ്ടായ സ്‌ഫോടനവും 'വൈറ്റ് കോളർ ഭീകരത' ശക്തിപ്രാപിക്കുന്നതിന്റെ വ്യക്തമായ തെളിവാണ്. ഡോക്ടർമാർ ഉൾപ്പെടെ പ്രൊഫഷണലുകളെ സംഘടിപ്പിച്ചുണ്ടാക്കുന്ന ഭീകരവാദ ശൃംഖലയാണ് 'വൈറ്റ് കോളർ ടെറർ മൊഡ്യൂൾ' അഥവാ 'വൈറ്റ് കോളർ ടെറർ ഇക്കോ സിസ്റ്റം'.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡോക്ടർമാർ പാകിസ്ഥാൻ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ 'വൈറ്റ് കോളർ ടെറർ മൊഡ്യൂൾ' അംഗങ്ങളാണെന്ന് ജമ്മു കാശ്മീർ പൊലീസ് പറയുന്നു. ഇന്റർനെറ്റ് മുഖാന്തരമാണ് പ്രൊഫഷണലുകളിലേക്ക് ഭീകരവാദ ആശയങ്ങൾ എത്തിക്കുന്നത്. തുടർന്ന് ഇവരെ പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരശൃംഖലകളുമായി ബന്ധിപ്പിക്കും. ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമാക്കും.

കഴിഞ്ഞദിവസം ജമ്മു കാശ്മീർ, ഹരിയാന പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നുമായി എട്ടംഗ ഭീകരസംഘത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് വൻതോതിൽ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. മൂന്നാഴ്ച മുമ്പ് ശ്രീനഗറിൽ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണച്ചുകൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതേതുടർന്നുള്ള അന്വേഷണത്തിലാണ് കാശ്മീർ സ്വദേശികളായ ഡോ. അദീൽ റാത്തറിനെ യു.പി സഹാരൻപൂരിൽ നിന്നും ഡോ. മുസമ്മിൽ ഷക്കീലിനെ ഹരിയാനയിലെ ഫരീദാബാദിൽ നിന്നും അറസ്റ്റു ചെയ്തത്. തുടർന്ന് സ്ഫോടകവസ്തു ശേഖരവും പിടിച്ചെടുത്തു. ഇവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദാണ് ചെങ്കോട്ടയിൽ കാറിൽ ചാവേർ ബോംബ് സ്ഫോടനം നടത്തിയത്. ഇവരുടെ ശൃംഖലയിൽപ്പെട്ട ഡോ. ഷഹീൻ ഷാഹിദ് ലക്‌നൗവിൽ അറസ്റ്റിലായി.

എവിടെയും കടന്നുചെല്ലാം

1.പ്രൊഫഷണലുകളെന്ന നിലയിൽ സമൂഹത്തിൽ സ്വാധീനമുള്ളതിനാൽ ആരും സംശയിക്കില്ല എന്നതിനാലാണ് ഡോക്ട‌ർമാരെയടക്കം ഭീകര സംഘടനകൾ റിക്രൂട്ട് ചെയ്യുന്നത്. എവിടെയും കടന്നുചെല്ലാനും ഇവർക്കാകും

2.സാമ്പത്തിക, സാധനകൈമാറ്റവും ആശയ പ്രചാരണവുമടക്കം ഇവരിലൂടെ നടത്തും. സന്നദ്ധ, സാമൂഹിക പ്രവർത്തനങ്ങളുടെ മറവിലാണ് ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത്