ഇസ്രയേലിന്റെ കപ്പലുകൾ ആക്രമിക്കുന്നത് നിർത്തി:ഹൂതികൾ

Wednesday 12 November 2025 1:09 AM IST

സന:ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേലിന്റെ കപ്പലുകൾ ആക്രമിക്കുന്നത് നിർത്തിയെന്ന് യെമനിലെ ഹൂതി വിമതർ. ഗാസയിൽ വെടിനിർത്തൽ നടപ്പായതിനെത്തുടർന്നാണ് തീരുമാനമെന്ന് ഹമാസിന്റെ ഖാസം ബ്രിഗേഡിന് അയച്ച കത്തിൽ ഹൂതികൾ വ്യക്തമാക്കി.ഈ കത്ത് വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.എന്നാണ് കത്ത് എഴുതിയതെന്ന് വ്യക്തമല്ലാത്ത. ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിച്ചാൽ വീണ്ടും കപ്പലുകൾ ലക്ഷ്യമിടുമെന്നും ഹൂതികൾ അറിയിച്ചു.

ഹൂതി സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ യൂസഫ് ഹസ്സൻ അൽ–മദനിയുടെ പേരിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്.എന്നാൽ ഇസ്രയേലിന്റെ കപ്പലുകൾക്ക് നേർക്കുള്ള ആക്രമണം നിർത്തിയെന്നതിൽ ഔദ്യോഗികമായി ഹൂതികൾ എവിടെയും വിശദീകരിച്ചിട്ടില്ല. ഇസ്രയേൽ സൈന്യവും പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ-ഹമാസ് യുദ്ധകാലത്താണ് ഹൂതികൾ ഇസ്രയേലിന്റെ കപ്പലുകൾ ആക്രമിച്ച് രാജ്യാന്തര രംഗത്ത് ശ്രദ്ധനേടുന്നത്.ഗാസയിൽനിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കുകയാണു ലക്ഷ്യമെന്നായിരുന്നു അന്ന് പറഞ്ഞത്.

ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം ഇന്നുവരെ ഹൂതികളുടെ ആക്രമണം ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലിന്റെ കപ്പലുകൾക്ക് നേർക്കുണ്ടായിട്ടില്ല. ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ ഒൻപതു നാവികർക്ക് ജീവൻ നഷ്ടപ്പെടുകയും നാലു കപ്പലുകൾ മുങ്ങുകയും ചെയ്തിരുന്നു.