ഡോ. ഉമർ നബി എന്ന പുൽവാമക്കാരൻ
ന്യൂഡൽഹി: ഡോ. ഉമർ നബിയെ കുറിച്ചുള്ള വാർത്തകൾ വിശ്വസിക്കാൻ കഴിയാതെ പുൽവാമയിലെ കോയിൽ ഗ്രാമം. ഉമർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. വെള്ളിയാഴ്ചയും വിളിച്ചിരുന്നു. പരീക്ഷയുടെ തിരക്കിലാണെന്നാണ് പറഞ്ഞത്. മൂന്നു ദിവസത്തിനകം വരുമെന്നും പറഞ്ഞു. വളരെയധികം കഷ്‌ടപ്പെട്ടാണ് ഉമറിനെ പഠിപ്പിച്ചത്. രാഷ്ട്രീയത്തിലോ അക്രമങ്ങളിലോ ഇല്ലായിരുന്നു. ഗ്രാമത്തിന്റെ അഭിമാനമായിരുന്നുവെന്ന് ബന്ധുവായ മുസമ്മിൽ പറഞ്ഞു. സത്യം പുറത്തു വരണം.
രണ്ടു മാസം മുൻപാണ് പുൽവാമയിൽ അവസാനമായി വന്നതെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഒടുവിലായി സൗത്ത് ഡൽഹിയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുകയായിരുന്നു ഉമർ. ഫരീദാബാദിൽ സ്‌ഫോടകവസ്‌തു ശേഖരം സൂക്ഷിച്ചതിൽ ഉമറിന് പങ്കുണ്ടെന്നാണ് ഏജൻസികൾ സംശയിക്കുന്നത്. സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ സ്വന്തം പേരിലേക്ക് മാറ്റിയിരുന്നില്ല. കുടുംബാംഗങ്ങളെ ജമ്മു കാശ്‌മീർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. വീട്ടിൽ നിന്ന് ഉമറിന്റെ മൊബൈലും ലാപ്ടോപും പിടിച്ചെടുത്തു.