ഇസ്ലാമാബാദിൽ സ്ഫോടനം:12 മരണം
ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഉഗ്രസ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പ്രാദേശിക കോടതിക്ക് പുറത്ത് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ചാവേർ ആക്രമണമാണെന്നും കോടതി പരിസരത്ത് പ്രവേശിക്കാൻ ശ്രമിച്ച അക്രമി, ഒരു പൊലീസ് വാഹനം ലക്ഷ്യമാക്കി വെടിയുതിർത്തതായും ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. പ്രസിഡന്റ് ആസിഫ് അലി സർദാരി ചാവേർ സ്ഫോടനത്തെ ശക്തമായി അപലപിച്ചു. നിലവിൽ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാൻ അതിർത്തിയിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള വാനയിലെ കാഡറ്റ് കോളേജിലേക്ക് ചിലർ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയതായി പാക് സേന അറിയിച്ച് മണിക്കൂറുകൾക്കുള്ളിലാണ് സ്‌ഫോടനം.
വാഹനത്തിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ ഭൂരിഭാഗവും വഴിയാത്രക്കാരും കോടതിയിലെത്തിയവരുമാണെന്നാണ് റിപ്പോർട്ട്.
തെക്കൻ വസീറിസ്താനിലെ വാനയിൽ ഭീകരസംഘടനയായ തെഹ് രീകെ താലിബാൻ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ പാക് സൈന്യം തിരിച്ചടിച്ചിരുന്നു. രണ്ട് ഭീകരർ കൊല്ലപ്പെട്ടു.