ഡോ. ഷഹീൻ ജെയ്‌ഷെയുടെ വനിതാ തലച്ചോർ
ന്യൂഡൽഹി: കഴിഞ്ഞ ദിവസം ലക്‌നൗവിൽ അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദ് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാവിഭാഗം ഇന്ത്യയിൽ സ്ഥാപിക്കാനുള്ള ചുമതലക്കാരി. ഫരീദാബാദിൽ സ്‌ഫോടകവസ്തുശേഖരം പിടികൂടിയ കേസിലായിരുന്നു അറസ്റ്റ്. ഇവർ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്തുൽ മൊമിനാത് ഇന്ത്യയിൽ രൂപീകരിക്കുന്നതിന്റെ ചുമതലക്കാരിയാണെന്ന് ഡൽഹി പൊലീസ് പറഞ്ഞു.
ജെയ്‌ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരിയും, കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരൻ യൂസഫ് അസ്ഹറിന്റെ ഭാര്യയുമായ സാദിയ അസ്ഹറിന്റെ നേതൃത്വത്തിലാണ് ജമാഅത്തുൽ മൊമിനാത് സ്ഥാപിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ യൂസഫ് അസ്ഹർ കൊല്ലപ്പെട്ടിരുന്നു. ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയിലടക്കം വനിതാ വിഭാഗം രൂപീകരിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
കാൺപൂരിൽ അസിസ്റ്റന്റ് പ്രൊഫസർ
പബ്ലിക് സർവീസ് കമ്മിഷനിലൂടെ കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയൽ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഷഹീൻ ജോലി ലഭിച്ചിരുന്നു. 2013ൽ കോളേജിൽ നിന്ന് അപ്രത്യക്ഷയായി. സഫർ ഹയാത് എന്നയാളെ വിവാഹം ചെയ്ത ഷഹീൻ 2015ൽ വിവാഹമോചിതയായി. 2021ൽ ഷഹീനെ കോളേജ് പിരിച്ചുവിട്ടു. ഡൽഹിയിൽ ചാവേർ സ്‌ഫോടനം നടത്തിയ ഡോ. ഉമർ മുഹമ്മദിന്റെയും ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെയും സഹപ്രവർത്തകയായിരുന്നു. ഫരീദാബാദിലെ അൽ ഫല മെഡിക്കൽ കോളേജിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.