ബീഹാറിൽ കോൺഗ്രസിന് തിരിച്ചടി; പ്രമുഖ നേതാവ് പാർട്ടിവിട്ടു, നേതൃത്വവുമായി അഭിപ്രായവ്യത്യാസമെന്ന് സൂചന
പാട്‌ന: ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിനുപിന്നാലെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിലെ പ്രമുഖ നേതാവുമായ ഡോ. ഷക്കീൽ അഹമ്മദ് പാർട്ടിവിട്ടു. ചില നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാൻ കാരണമെന്നാണ് അദ്ദേഹം രാജിക്കത്തിൽ പരാമർശിച്ചിരിക്കുന്നത്. മറ്റു പാർട്ടിയിൽ ചേരില്ലെന്നും അന്ത്യംവരെ കോൺഗ്രസ് ആശയങ്ങളിൽ അടിയുറച്ചുനിൽക്കുമെന്നും ഷക്കീൽ അഹമ്മദ് വ്യക്തമാക്കി. അഞ്ചുതവണ എംഎൽഎയായും പാർട്ടിയുടെ ദേശീയ വക്താവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
താൻ നേരത്തെ രാജി വയ്ക്കാൻ തീരുമാനിച്ചിരുന്നതായും തിരഞ്ഞെടുപ്പ് അവസാനിച്ചശേഷം വിവരം പുറത്തുവിടാൻ തീരുമാനിച്ചിരുന്നതായും ഷക്കീൽ അഹമ്മദ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് അയച്ച കത്തിൽ പറയുന്നു. തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ബാധിക്കുന്ന തരത്തിലുളള ഒരു വിഷയവും പുറത്തുവരരുതെന്നും അതിലൂടെ വോട്ടുകൾ കുറയരുതെന്നും ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയായിരുന്നു ബീഹാറിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്. സംസ്ഥാനത്ത് വീണ്ടും എൻഡിഎ ഭരണത്തിൽ തുടരുമെന്ന തരത്തിലുളള എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നത്. ബിജെപി-ജെഡിയു നേതൃത്തിലുള്ള മുന്നണി 130ലേറെ സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്നാണ് ഭൂരിഭാഗം സർവേകളും പറയുന്നത്. 243 സീറ്റുകളുള്ള നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 14നാണ് വോട്ടെണ്ണൽ.
കോൺഗ്രസും ആർജെഡിയുമടക്കമുള്ള പാർട്ടികൾ ചേർന്ന മഹാസഖ്യം 100ലേറെ സീറ്റ് നേടുമെന്ന് നാല് എക്‌സിറ്റ് പോളുകൾ മാത്രമാണ് പ്രവചിച്ചത്. ആദ്യ തിരഞ്ഞെടുപ്പ് നേരിട്ട പ്രശാന്ത് കിഷോറിന്റെ ജൻ സുരാജിന് പരമാവധി അഞ്ച് സീറ്റ് ലഭിക്കാമെന്നാണ് സർവേകളിൽ പറയുന്നത്. എന്നാൽ,ഒരു സീറ്റുപോലും കിട്ടില്ലെന്ന് മറ്റു എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു.ബീഹാറിലെ സ്ത്രീകളിൽ 65 ശതമാനവും എൻഡിഎയ്ക്കാണ് വോട്ട് ചെയ്തതെന്ന് മാട്രിസ് സർവേയിൽ പറയുന്നു. 27 ശതമാനം സ്ത്രീകൾ മഹാസഖ്യത്തിന് വോട്ട് ചെയ്തു.2020ൽ 125 സീറ്റ് നേടിയാണ് എൻഡിഎ സഖ്യം ഭരണത്തിലെത്തിയത്. മഹാസഖ്യം നേടിയത് 110 സീറ്റും.