വീട്ടിൽ കുഴഞ്ഞുവീണ നടൻ ഗോവിന്ദ ആശുപത്രി നിരീക്ഷണത്തിൽ

Wednesday 12 November 2025 10:13 AM IST

മുംബയ്: ബോളിവുഡ് നടൻ ഗോവിന്ദയെ കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജുഹുവിലെ വീട്ടിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബോധരഹിതനായ അദ്ദേഹത്തെ മുംബയിലെ സബർബൻ പ്രദേശത്തുള്ള ക്രിട്ടിക്കൽ കെയർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. താരത്തിന്റെ ദീർഘകാല നിയമ ഉപദേഷ്‌ടാവും സുഹൃത്തുമായ ലളിത് ബിൻഡാൽ ഇക്കാര്യം സ്ഥിരീകരിച്ചു. അദ്ദേഹം ആശുപത്രി നിരീക്ഷണത്തിലാണെന്നും പരിശോധനകൾ നടക്കുകയാണെന്നും ലളിത് പ്രതികരിച്ചു.

ഹീറോ നമ്പർ1, കൂലി നമ്പർ1, രാജാ ബാബു, ഹസീന മാൻ ജായേഗി തുടങ്ങി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച അഭിനേതാവാണ് ഗോവിന്ദ. ബോളിവുഡ് സിനിമകളിലെ ഒരു എന്റർടൈനറായാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്. കുറച്ച് നാൾ മുൻപ് സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ കാലിൽ വെടിയേറ്റതിനെ തുടർന്ന് ഗോവിന്ദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിച്ച് തിരികെ വീട്ടിലെത്തി.

ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുതിർന്ന നടൻ ധർമ്മേന്ദ്രയെ കാണാൻ തിങ്കളാഴ്ച രാത്രി ഗോവിന്ദ നഗരത്തിലെത്തിയിരുന്നു. പ്രത്യക്ഷത്തിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. 2019ൽ 'രംഗീല രാജ' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സമീപ വർഷങ്ങളിൽ സിനിമകൾ ചെയ്‌തിരുന്നില്ലെങ്കിലും പുതിയ പ്രോജക്ടുകളെക്കുറിച്ച് താരം പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഉടൻ സിനിമയിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകളും അദ്ദേഹം നൽകിയിരുന്നു. ഫിറ്റ്നസിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഗോവിന്ദ സിനിമയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഭാര്യ സുനിത അഹൂജ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.