ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ തല്ലിച്ചതച്ച് നാട്ടുകാർ

Wednesday 12 November 2025 11:32 AM IST

ബംഗളൂരു: ശാരീരിക വൈകല്യമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഈ മാസം ഒമ്പതാം തീയതി ഔഡുഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എംആർ നഗറിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഒരു വിവാഹത്തിൽ പങ്കെടുക്കാനായി യുവതിയുടെ ബന്ധുക്കൾ പോയപ്പോഴാണ് പ്രതി വിഘ്‌നേഷ് (ദാദു) വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.

അമ്മ മടങ്ങിയെത്തിയപ്പോൾ സംസാരിക്കാനോ നടക്കാനോ കഴിയാത്ത യുവതിയെ അർദ്ധനഗ്നയായി കണ്ടെത്തി. വാതിലിനടുത്ത് പ്രതി ഒളിച്ചിരിക്കുന്നത് കണ്ട സ്‌ത്രീ അലറിവിളിച്ചു. ഇതുകേട്ടെത്തിയ നാട്ടുകാർ വിഘ്‌നേഷിനെ പിടികൂടി മർദിച്ചശേഷം പൊലീസിന് കൈമാറി. നാട്ടുകാർ ഇയാളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിഘ്‌നേഷ് കഞ്ചാവ് ഉപയോഗിച്ച ശേഷമാണ് വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് പൊലീസ് പറഞ്ഞു.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 75 പ്രകാരം ലൈംഗികാതിക്രമത്തിന് പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. നിലവിൽ വിഘ്‌നേഷ് പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.