കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ പോകുന്നുവെന്ന് റഷ്യൻ യുവാവ്, പിടിച്ചെടുത്തത് 23.475 ഗ്രാം ലഹരിഗുളികകൾ
പാലക്കാട്: ലഹരി ഗുളികകൾ വിതരണം ചെയ്യാൻ ശ്രമിച്ച റഷ്യൻ യുവാവ് വാളയാറിൽ പിടിയിലായി. 23.475 ഗ്രാം ബുപ്രിനോർഫിൻ ഗുളികകളുമായി ഗ്രിഗോറാഷ് ചെങ്കോ ഇവാനാണ് (31) ഇന്നലെ അറസ്റ്റിലായത്. സിനിമാ മേഖലയുമായി ബന്ധപ്പട്ട് പ്രവർത്തിക്കുന്നയാളാണ് ഇയാൾ. കൊച്ചിയിലെ ഒരു സിനിമാ ലൊക്കേഷനിലേക്കാണ് ലഹരി വസ്തുക്കൾ കൊണ്ടുപോകുന്നതെന്നായിരുന്നു പ്രതിയുടെ മൊഴി.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും കൊച്ചിയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവാവ്. ഇതിനിടെ എക്സൈസിന്റെ വാഹന പരിശോധനക്കിടയിലാണ് ഗ്രിഗോറാഷ് കുടുങ്ങിയത്. ചില തമിഴ് സിനിമകളിലും ഡോക്യുമെന്ററികളിലും പരസ്യ ചിത്രങ്ങളിലുമുൾപ്പെടെ അഭിനയിച്ചിട്ടുണ്ടെന്നാണ് യുവാവ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. പോണ്ടിച്ചേരിയിൽ ഒരു സ്വകാര്യ ആയുർവേദ റിസോർട്ടിലാണ് ഗ്രിഗോറാഷും ബന്ധുവും താമസിച്ചിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സതീഷ് അറിയിച്ചു.