ചൈനയിലും പഞ്ചവടിപ്പാലം, നിർമിച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു തോട്ടിൽ !

Wednesday 12 November 2025 12:16 PM IST

ബീജിംഗ്: 'പഞ്ചവടിപ്പാലം' സിനിമയെ ഓ‌ർമിപ്പിക്കുന്ന സംഭവങ്ങളാണ് ചൈനയിൽ കഴിഞ്ഞദിവസം ഉണ്ടായത്. പുതുതായി നിർമിച്ച പാലം ഏതാനും മാസങ്ങൾ കഴിയേ തകർന്നു വീഴുകയായിരുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിൽ സിചുവാൻ പ്രവിശ്യയിലെ മേർകാംഗിലുള്ള ഹോങ്കി പാലമാണ് തകർന്നുവീണത്.

മദ്ധ്യ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയുടെ ഭാഗമാണ് ഹോങ്കി പാലം. 758 മീറ്റർ നീളമുള്ള പാലം ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ അപകടത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. വിള്ളലുകൾ വീണത് ശ്രദ്ധയിൽപ്പെട്ട അധികാരികൾ പാലം തിങ്കളാഴ്ച അടച്ചിട്ടിരുന്നു. തുടർന്ന് വിള്ളലുകൾ വികസിക്കുകയും അപ്രോച്ച് റോഡിന്റെ ചില ഭാഗങ്ങൾ താഴെയുള്ള താഴ്‌വരയിലേക്ക് തകർന്ന് വീഴുകയുമായിരുന്നു. തുടർന്ന് പാലം തകർന്ന് വീണു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം നിർമാണത്തിന്റെ തകരാറുകൊണ്ടല്ല പർവത ചരിവുകളിലെ അസ്ഥിരതയാണ് പാലം തകരാൻ കാരണമെന്ന് സിചുവാൻ പ്രവിശ്യാ സർക്കാർ പറയുന്നത്.

ഈ വർഷം തന്നെ ചൈനയിൽ നിർമാണത്തിലിരുന്ന മറ്റൊരു റെയിൽവേ പാലം തകർന്നുവീണ് 12 തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. യെല്ലോ നദിക്ക് കുറുകെ നിര്‍മിച്ചിരുന്ന പാലത്തിന്‍റെ നടുഭാഗമാണ് തകര്‍ന്നുവീണത്. സ്റ്റീൽ കേബിളിനുണ്ടായ തകരാർ മൂലം പാലത്തിന്റെ ഒരു ഭാഗം തകരുകയായിരുന്നു. അപകട സമയത്ത് 15 ജീവനക്കാരും ഒരു പ്രൊജക്‌ട് മാനേജറുമായിരുന്നു പാലത്തിൽ ഉണ്ടായിരുന്നത്.