'ആ രംഗം ചിത്രീകരിച്ചതിന് ക്ഷമ ചോദിക്കുന്നു'; 36 വർഷങ്ങൾക്ക് ശേഷം പെൺകുട്ടിയോട് സംവിധായകന്റെ ക്ഷമാപണം
തന്റെ ആദ്യ ചിത്രമായ ശിവയിൽ ബാലതാരമായി അഭിനയിച്ച സുഷമ എന്ന പെൺകുട്ടിയോട് ക്ഷമാപണം നടത്തി സംവിധായകൻ രാംഗോപാൽ വർമ്മ. ചിത്രത്തിലെ പ്രധാനപ്പെട്ട സൈക്കിൾ ചേസ് രംഗത്തിലെ സ്റ്റണ്ടിനിടെ അപകടകരമായ ഷോട്ടുകൾക്ക് വിധേയമാക്കിയതിനാണ് രാംഗോപാൽ വർമ്മ പെൺകുട്ടിയോട് ക്ഷമ ചോദിച്ചത്. ചിത്രീകരണം കഴിഞ്ഞ് 36 വർഷങ്ങൾക്ക് ശേഷമാണ് സംവിധായകന്റെ ക്ഷമാപണം. ആ രംഗത്തിൽ ബാലതാരമായി അഭിനയിച്ച സുഷമ ഇപ്പോൾ യുഎസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കൊഗ്‌നിറ്റീവ് സയൻസിൽ ഗവേഷണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എക്‌സിൽ പങ്കിട്ട ഒരു പോസ്‌റ്റിലൂടെ രാംഗോപാൽ വർമ്മ പെൺകുട്ടിയെ പരിചയപ്പെടുത്തി. 'ശിവയിലെ ഐക്കണിക് സൈക്കിൾ ചേസ് രംഗത്തിലുള്ള പെൺകുട്ടി സുഷമയാണ്, അവിടെ നാഗാർജുന ടെൻഷനിൽ സൈക്കിൾ ചവിട്ടുമ്പോൾ അവൾ ഭയന്നിരിക്കുകയായിരുന്നു. സുഷമ ഇപ്പോൾ യുഎസ്എയിൽ എഐ, കൊഗ്‌നിറ്റീവ് സയൻസ് എന്നിവയിൽ ഗവേഷണം നടത്തുകയാണ്.' അദ്ദേഹം എക്‌സിൽ കുറിച്ചു.
പോസ്‌റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കകം രാംഗോപാൽ വർമ്മയ്ക്ക് സുഷമ മറുപടി നൽകി, 'നന്ദി സർ! ശിവ എന്ന ചിത്രത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമായി ഓർമ്മിക്കപ്പെടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കുട്ടിക്കാലത്തെ ആ അനുഭവം മറക്കാനാവാത്തതായിരുന്നു, ഇത്രയും ഐക്കോണിക് ആയ ഒരു ചിത്രത്തിന് സംഭാവന നൽകാൻ കഴിഞ്ഞത് ഭാഗ്യമാണ്' സുഷമ പറഞ്ഞു.
This is the grown up girl Sushma from the iconic cycle chase scene in SHIVA where she is sitting scared on the bar with @Iamnagarjuna cycling in tension .. @symbolicsushi is now doing research in AI and Cognitive Science in the USA pic.twitter.com/L69aSyCQPF— Ram Gopal Varma (@RGVzoomin) November 12, 2025
തുടർന്നാണ് സുഷമയോട് സംവിധായകൻ ക്ഷമ പറഞ്ഞത്. ' അത്രയും പേടിപ്പെടുത്തുന്ന ഒരു അനുഭവം നൽകിയതിന് വർഷങ്ങൾക്ക് ശേഷം ഞാൻ ക്ഷമ ചോദിക്കുന്നു. അന്ന് അതെനിക്ക് മനസിലായില്ല. ഒരു കൊച്ചു പെൺകുട്ടിയെ അപകടകരമായ ഷോട്ടുകൾക്ക് വിധേയയാക്കിയതിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു' അദ്ദേഹം കുറിച്ചു.
രാംഗോപാൽ വർമ്മ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് ശിവ. നാഗാർജുന,അമല താരജോഡിയിലാണ് ചിത്രം ഒരുങ്ങിയത്. രഘുവരൻ ആണ് ചിത്രത്തിൽ വില്ലനായി അഭിനയിച്ചത്.